Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമർ: റോഹിൻഗ്യകൾ സൈനികത്താവളം ആക്രമിച്ചു, 71 മരണം

യാങ്കൂൺ∙ മ്യാൻമറിലെ വടക്കൻ സംസ്ഥാനമായ റാഖൈനിൽ റോഹിൻഗ്യ തീവ്രവാദികൾ സൈനികത്താവളത്തിനും പൊലീസ് പോസ്റ്റുകൾക്കും നേരെ നടത്തിയ ആക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 59 റോഹിൻഗ്യകളും കൊല്ലപ്പെട്ടു. ആയിരത്തോളം തീവ്രവാദികളാണ് സൈന്യത്തിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയത്. ഏറ്റുമുട്ടൽ തുടരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന ആക്രമണത്തിനു നേതൃത്വം നൽകിയ അരാകൻ റോഹിൻഗ്യ സാൽവേഷൻ ആർമി (ആർസ) ഈ ആക്രമണത്തിന്റെയും ഉത്തരവാദിത്തമേറ്റു. ആക്രമണത്തിന്റെ പേരിൽ സൈന്യം വൻതോതിൽ വംശീയ ഹത്യയ്ക്ക് ഒരുമ്പെട്ടേക്കുമെന്ന് ഐക്യരാഷ്ട്രസംഘടന ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, വംശീയ ഹത്യയെന്ന ആരോപണം സൈന്യവും ഓങ് സാൻ സൂ ചിയുടെ നേതൃത്വത്തിലുള്ള സർക്കാരും നിഷേധിച്ചു.

ഇതിനിടെ, അക്രമം ഭയന്ന് ബംഗ്ലദേശിലേക്കു പലായനം ചെയ്ത 150 സ്ത്രീകളും കുട്ടികളും അടങ്ങുന്ന റോഹിൻഗ്യ സംഘത്തെ ബംഗ്ലദേശ് അധികൃതർ മടക്കി അയച്ചു. ബുദ്ധമതക്കാർക്കു ഭൂരിപക്ഷമുള്ള മ്യാൻമറിൽ കഴിയുന്ന 11 ലക്ഷത്തോളം വരുന്ന റോഹിൻഗ്യ മുസ്‌ലിംകൾക്കു പൗരാവകാശമില്ല. ഇവർ ബംഗ്ലദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നാണു മ്യാൻമറിന്റെ നിലപാട്.