Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിക്ക് ആശ്വാസം (അടുത്ത ബോംബ് കിട്ടും വരെ)

world-war-II-bomb

ഫ്രാങ്ക്ഫുർട്ട്∙ ജർമനിയുടെ സാമ്പത്തിക തലസ്ഥാനമായ ഫ്രാങ്ക്ഫുർട്ട് ഒടുവിൽ നെടുവീർപ്പിട്ടു. നഗരത്തിനുള്ളിൽ 70 വർഷമായി പൊട്ടാതെ കിടന്ന ഉഗ്രശേഷിയുള്ള ബ്രിട്ടിഷ് ബോംബ് നിർവീര്യമാക്കി. 60,000 നഗരവാസികളെയും നാലര ലക്ഷം കോടി രൂപയുടെ സ്വർണശേഖരം ഭൂഗർഭ അറകളിൽ സൂക്ഷിച്ചിട്ടുള്ള ജർമൻ സെൻട്രൽ ബാങ്ക് കെട്ടിടവും രണ്ട് ആശുപത്രികളും ഒഴിപ്പിച്ച്, സർവസന്നാഹങ്ങളോടുംകൂടി നടത്തിയ അതിസങ്കീർണ നടപടികൾക്കു ശുഭാന്ത്യം.

സുരക്ഷിത ദൂരത്തിരുന്നു ബോംബിന്റെ ഫ്യൂസുകൾ നീക്കംചെയ്യാൻ വിദഗ്ധർക്കു പ്രത്യേക സംവിധാനം ഉപയോഗിക്കേണ്ടിവന്നു. എച്ച്സി 4000 ഇനത്തിലുള്ള ബോംബ് പൊട്ടിയിരുന്നെങ്കിൽ പടിഞ്ഞാറൻ ഫ്രാങ്ക്ഫുർട്ട് ചുട്ടുചാമ്പലായേനെയെന്നു പൊലീസ് പറയുന്നു. ‘ബ്ലോക്ബസ്റ്റർ’ ബോംബ് കണ്ടെടുത്ത സ്ഥലത്തിന്റെ ഒന്നര കിലോമീറ്ററാണ് അപകടമേഖലയായി പ്രഖ്യാപിച്ച് ഒഴിപ്പിച്ചത്. നിർമാണപ്രവർത്തനത്തിനു കുഴിയെടുത്തപ്പോഴാണ് 1800 കിലോ ഭാരം വരുന്ന വൻ സ്ഫോടനശേഷിയുള്ള ബോംബ് കിട്ടിയത്. 

പൊട്ടാത്ത ബോംബ് വർഷത്തിലൊന്ന്

ലോകയുദ്ധത്തിന്റെ ഇനിയും ഉണങ്ങാത്ത മുറിവുകളിൽ വീണ്ടും ചോര പൊടിക്കുംപോലെയാണു ജർമൻ നഗരങ്ങളി‍ൽ പൊട്ടാത്ത ബോംബുകൾ ഇടയ്ക്കിടെ പൊന്തിവരുന്നത്. ഇത്തവണ ഫ്രാങ്ക്ഫുർട്ട് നഗരത്തിലെ പത്തിലൊരാൾക്കെങ്കിലും ബോംബ് നിർവീര്യ പ്രവർത്തനങ്ങൾക്കായി ഒഴിയേണ്ടിവന്നു. ജർമൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒഴിപ്പിക്കൽ. 2017 മേയിൽ പഴയ ബോംബ് നിർവീര്യമാക്കാൻ ഹാനൂവറിൽ ഒഴിപ്പിച്ചത് 50,000 പേരെ. 2016 ഡിസംബറിൽ ഓഗ്സ്ബർഗിൽ കണ്ടെടുത്ത 3.8 ടണ്ണിന്റെ ബോംബ് നിർവീര്യമാക്കാൻ വേണ്ടി 54000 പേരെ ഒഴിപ്പിച്ചിരുന്നു. 

‌ 

വേട്ടയാടുന്ന യുദ്ധങ്ങൾ 

രണ്ടാം ലോകയുദ്ധകാലത്ത്, അഡോൾഫ് ഹിറ്റ്ലറുടെ ജർമൻ നാത്‌സിപ്പടയെ പാഠംപഠിപ്പിക്കാൻ ബ്രിട്ടിഷ് റോയൽ എയർഫോഴ്സ് 2000 ടണ്ണിലേറെ ബോംബുകൾ വർഷിച്ചെന്നാണു കണക്ക്. ഈ ബോംബുകളിൽ 15 ശതമാനവും പൊട്ടാതെ, ആറു മീറ്റർ വരെ ആഴത്തിൽ മണ്ണിൽ പുതഞ്ഞുകിടപ്പുണ്ടെന്നാണു വിദഗ്ധ നിഗമനം.