Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടും മലയും പുഴയും താണ്ടി അർധപ്രാണരായി രോഹിൻഗ്യകൾ; ബോട്ട് മുങ്ങി അഞ്ചു കുട്ടികൾ മരിച്ചു

BANGLADESH-MYANMAR-UNREST-ROHINGYA-REFUGEE-ACCIDENT മ്യാൻമറിൽനിന്ന് ബംഗ്ലദേശിലേക്കുള്ള നദീ യാത്രയ്ക്കിടെ ബോട്ടു മറിഞ്ഞ മരിച്ച റോഹി‍ൻഗ്യ അഭയാർഥികളുടെ മൃതദേഹം ഒപ്പമുണ്ടായിരുന്നവർ വള്ളത്തിൽ കരയിലേക്കെത്തിക്കുന്നു.

ധാക്ക, ബംഗ്ലദേശ് ∙ മ്യാൻമറിൽനിന്ന് പലായനം ചെയ്തു ബംഗ്ലദേശിലെത്തിയ രോഹിൻഗ്യ മുസ്‌ലിംകൾ ഒന്നരലക്ഷമായി. ദിവസങ്ങളോളം മലമ്പ്രദേശങ്ങളിലൂടെ നടന്നും വള്ളങ്ങളിൽ കടലും പുഴയും താണ്ടിയുമാണ് അഭയാർഥികൾ ബംഗ്ല അതിർത്തിയിലെത്തുന്നത്. യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്കു ജീവൻ നഷ്ടമായി.

മ്യാൻമർ–ബംഗ്ല അതിർത്തിയിൽ നാഫ് നദിയിൽ അഭയാർഥികളുടെ വള്ളങ്ങൾ മുങ്ങി അഞ്ചു കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. അതിർത്തിയിൽ മ്യാൻമർ സൈനികർ കുഴിബോംബുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ധാക്കയിൽ മ്യാൻമർ അംബാസഡറെ വിളിച്ചുവരുത്തി ബംഗ്ലദേശ് പ്രതിഷേധമറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കുഴിബോംബ് സ്ഫോടനങ്ങളിൽ ഒട്ടേറെ അഭയാർഥികൾക്കു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നാണിത്.

നാടുംവീടും ഉപേക്ഷിച്ച് ഓടുന്ന അഭയാർഥികളെ ചൂഷണം ചെയ്യാനായി മനുഷ്യക്കടത്തുകാരും രംഗത്തുണ്ട്. ബംഗ്ലദേശിലെ കോക്‌സ് ബസാർ മേഖലയിലേക്കാണ് അഭയാർഥികളെത്തുന്നത്. ഇവിടെ, സന്നദ്ധസംഘടനകളുടെ താൽക്കാലിക അഭയകേന്ദ്രങ്ങളിൽ ആയിരക്കണക്കിനു രോഹിൻഗ്യകളാണു കഴിയുന്നത്. ബംഗ്ല അതിർത്തിയിലെ പുഴയോരങ്ങളിൽ വെടിയേറ്റ നിലയിൽ ഡസൻകണക്കിനു കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ അടിഞ്ഞതായി യുഎൻ ഏജൻസികൾ പറയുന്നു. പുഴകളിൽ മൃതദേഹങ്ങൾ കണ്ടതായി മീൻപിടിത്തക്കാരും പറയുന്നു. ‌