Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നീതിയുടെ പാതയിലേക്കു തിരിച്ചു നടക്കൂ’ സൂ ചിയോട് ഡെസ്‌മണ്ട് ടുട്ടു

Aung-San-Suu-Kyi

ജൊഹാനസ്ബർഗ്∙ മ്യാൻമറിലെ രോഹിൻഗ്യ മുസ്‌ലിംകൾ ഭരണകൂടത്തിന്റെ പീഡനത്തെ തുടർന്നു പലായനം ചെയ്യുന്നതിനിടെ, ഓങ് സാൻ സൂ ചിക്കെതിരെ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ സമരനായകൻ ആർച്ച്ബിഷപ് ഡെസ്‌മണ്ട് ടുട്ടു രംഗത്ത്. സൂ ചി പുലർത്തുന്ന മൗനം അവസാനിപ്പിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാൻ സമാധാന നൊബേൽ ജേതാവ് ഇടപെടണമെന്നും ടുട്ടു ആവശ്യപ്പെട്ടു.

‘മ്യാൻമറിലെ പരമോന്നത പദവിയിലേക്കുള്ള ഉയർച്ചയുടെ രാഷ്ട്രീയ വിലയാണു നിങ്ങളുടെ ഇപ്പോഴത്തെ മൗനമെങ്കിൽ, ആ വില വളരെ ഉയർന്നതായിപ്പോയി’ – സൂ ചിക്കുള്ള തുറന്ന കത്തിൽ ടുട്ടു പറഞ്ഞു. ഇതിനിടെ, ഓഗസ്റ്റ് 25നു ശേഷം ബംഗ്ലദേശിലേക്കു പലായനം ചെയ്ത രോഹിൻഗ്യകൾ 2,70,000 കവിഞ്ഞതായി ഐക്യരാഷ്ട്ര സംഘടനാ അഭയാർഥി വിഭാഗം (യുഎൻ എച്ച്‌സിആർ) അറിയിച്ചു.

‘എന്റെ ഹൃദയത്തിൽ നിങ്ങൾ സ്നേഹനിധിയായ ഇളയ പെങ്ങളാണ്. മ്യാൻമറിലെ ജനതയ്ക്കു വേണ്ടി നിങ്ങൾ സഹിച്ച ത്യാഗങ്ങളുടെ സ്മരണയായി ഞാൻ എന്റെ മേശപ്പുറത്തു വർഷങ്ങളോളം നിങ്ങളുടെ ഫോട്ടോ വച്ചിരുന്നു. നീതിയുടെ പ്രതീകമായിരുന്നു നിങ്ങൾ. പക്ഷേ, രോഹിൻഗ്യകളുടെ ദുരിതങ്ങളുടെ ദൃശ്യങ്ങൾ ഞങ്ങളിൽ വേദനയും ഭയവും നിറയ്ക്കുന്നു. നിങ്ങൾ ഇടപെട്ടു ജനതയെ നീതിയുടെ പാതയിലേക്കു തിരിച്ചുനടത്തുമെന്നു പ്രത്യാശിക്കുന്നു’ – ടുട്ടു പറഞ്ഞു.

ഇതേസമയം, സൂ ചിക്ക് 1991ൽ നൽകിയ നൊബേൽ സമ്മാനം പിൻവലിക്കാൻ വ്യവസ്ഥയില്ലെന്നു നൊർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇങ്ങനെ പിൻവലിച്ച ചരിത്രമില്ല. ബഹുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന ഇന്റർനെറ്റ് പ്രചാരണത്തിൽ ഇതിനകം 3.86 ലക്ഷം പേർ ഒപ്പുവച്ചു.

അതിനിടെ, മ്യാൻമറിൽനിന്നു പലായനം ചെയ്ത് രോഹിൻഗ്യ മുസ്‌ലിംകൾക്കൊപ്പം ഹിന്ദുക്കളും ബംഗ്ലദേശിലെത്തി. റാഖൈനിൽനിന്ന് 500 ഹിന്ദുക്കൾ ബംഗ്ല അതിർത്തിയിലെ കോക്സ് ബസാറിലെത്തിയതായി യുഎൻ ഏജൻസികൾ അറിയിച്ചു.

ഗ്രാമങ്ങൾ ആക്രമിച്ചവർ 86 പേരെ കൊലപ്പെടുത്തിയതായും അഭയാർഥികൾ പറഞ്ഞു. ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങൾ അതിർത്തിയിൽ നരകിക്കുന്നതായാണു റിപ്പോർട്ട്.