Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാശം വിതച്ച് ഇർമ ഫ്ലോറിഡയിൽ; കരീബിയൻ ദ്വീപിൽ നിന്ന് 60 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

CUBA-IRMA പുഴയൊഴുകും വഴി! ഇർമ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്തമഴയിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ കടലോരത്തുള്ള തെരുവിൽ വെള്ളം കയറിയപ്പോൾ. പിന്നിൽ ഉയർന്നു പൊങ്ങുന്ന തിരമാലകളും കാണാം. ചിത്രം: എഎഫ്പി

മിയാമി∙ കരീബിയൻ തീരത്തു വൻനാശം വിതച്ച ഇർമ ചുഴലിക്കാറ്റ് യുഎസിലെ ഫ്ലോറിഡയിലെത്തി. സുരക്ഷിതകേന്ദ്രങ്ങൾ തേടി ജനങ്ങൾ നീങ്ങിയതോടെ മിയാമി, ഫോർട് ലോഡർഡെയ്‌ൽ, ടാംപ തുടങ്ങിയവ ‘പ്രേതനഗര’ങ്ങളായി. സദാ വിനോദസഞ്ചാരികൾ നിറഞ്ഞ മിയാമി ബീച്ച് വിജനമായി. കാറ്റിന്റെ വേഗം 195 കി.മീ ആയി കുറഞ്ഞതോടെ കാറ്റഗറി മൂന്നിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇർമ അപകടങ്ങളിൽ യുഎസിൽ ഇതുവരെ മൂന്നു പേർ മരിച്ചു.

ഫ്ലോറിഡയിൽ 65 ലക്ഷം ജനങ്ങളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. 16 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതിയില്ല. കടലോര വിനോദ സഞ്ചാരമേഖല ഫ്ലോറിഡ കീസിലാണ് ഇർമ ആഞ്ഞടിക്കുന്നത്. കീ വെസ്റ്റിൽ നിന്ന് 24 കി.മീ അകലെയാണു കാറ്റിന്റെ പ്രഭവകേന്ദ്രം. 15 അടിവരെ ഉയരത്തിൽ തിരമാലകൾ എത്താമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

യുഎസിലെ ഇന്ത്യൻ എംബസി മുഴുവൻസമയ ഹെൽപ്‌ലൈൻ ഏർപ്പെടുത്തി. അറ്റ്‌ലാന്റയിലെ ഇന്ത്യക്കാർ ദുരിതബാധിതർക്കായി വീടുകൾ തുറന്നുകൊടുത്തു. സേവ ഇന്റർനാഷനൽ 300 കുടുംബങ്ങൾക്കു താമസമൊരുക്കി. മറ്റു സംഘടനകൾ ചേർന്ന് 2000 കുടുംബങ്ങൾക്ക് താമസവും ഭക്ഷണവും നൽകുന്നു. നാലു ക്ഷേത്രങ്ങളും ദുരിതബാധിതർക്കായി തുറന്നു.

ഇതിനിടെ, മിയാമിയിൽ കുടുങ്ങിപ്പോയ ഗർഭിണിയായ യുവതി സുരക്ഷിതമായി പ്രസവിച്ചു. സഹായം തേടിയെങ്കിലും രക്ഷാസേനയ്ക്ക് എത്താൻ കഴിയാഞ്ഞതിനാൽ ഫോണിലൂടെയാണ് ഡോക്ടർമാർ നിർദേശങ്ങൾ നൽകിയത്.

ഇർമ സംഹാരതാണ്ഡവമാടിയ കരീബിയൻ ദ്വീപ് സെന്റ് മാർട്ടിനിൽ നിന്ന് 60 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. 5000 യുഎസ് പൗരൻമാർ ഇനിയും ദ്വീപിലുണ്ട്. ഇർമ ഇതുവരെ 25 പേരുടെ ജീവനെടുത്തതായാണു റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി മെക്സിക്കോയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 90 ആയി. സ്ഥിതിഗതികൾ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മന്ത്രിമാരും ഗവർണർമാരുമായി ചർച്ച നടത്തി.

related stories