Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎൻ സ്ഥിരാംഗത്വം: ട്രംപിനെ പിന്തുണച്ച് പ്രതീക്ഷയോടെ ഇന്ത്യ

united-nations

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടന പരിഷ്കരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനു പിന്തുണ അറിയിച്ച ഇന്ത്യ, യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമെന്ന ആവശ്യം യാഥാർഥ്യമായേക്കുമെന്ന പ്രതീക്ഷയിൽ. കൂടുതൽ സ്ഥിരാംഗങ്ങളെ ഉൾപ്പെടുത്തി യുഎൻ രക്ഷാസമിതി പരിഷ്കരിക്കണമെന്ന ഇന്ത്യയുടെ ചിരകാല ആവശ്യവും യുഎസിന്റെ ഇപ്പോഴത്തെ നിലപാടുകളും ഒത്തുപോകുന്നുവെന്നതാണു പ്രതീക്ഷയ്ക്കു കാരണം.

യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഇന്നലെ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലും പങ്കെടുത്തു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നോട്ടുവയ്ക്കുന്ന യുഎൻ നവീകരണ പദ്ധതിയെ യുഎസ് സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഉഭയകക്ഷി സഹകരണവും വ്യാപാരക്കരാറുകളും ഉറപ്പാക്കുന്നതിനായി അഞ്ചു വിദേശരാജ്യങ്ങളിലെ പ്രതിനിധികളുമായി സുഷമ സ്വരാജ് ഇന്നലെ കൂടിക്കാഴ്ച നടത്തി. തുനീസിയ, ബഹ്‌റൈൻ, ലാത്വിയ, യുഎഇ, ഡെൻമാർക് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും സുഷമ കൂടിക്കാഴ്ച നടത്തി. എന്നാൽ രോഹിൻഗ്യ അഭയാർഥി വിഷയം ചർച്ച ചെയ്തില്ല. അതിനിടെ, ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള ആദ്യ പൊതുകൂടിക്കാഴ്ചയ്ക്കും യുഎൻ വേദിയായി. മേഖലയിലെ സമാധാനശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ചയെന്നു പിന്നീടു വിശദീകരിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഘാഖാൻ അബ്ബാസിയും ഇന്നലെ ന്യൂയോർക്കിലെത്തി. കശ്മീർ വിഷയമാവും ഇത്തവണയും പാക്കിസ്ഥാൻ പൊതുസഭയി‍ൽ ഉന്നയിക്കുന്ന പ്രധാന പ്രശ്നമെന്നു വിലയിരുത്തപ്പെടുന്നു.