Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യൻ പ്രശ്നം: അപലപനീയമെന്ന് സൂ ചി

Aung-San-Suu-Kyi സൂ ചി പ്രസംഗത്തിനിടെ

നയ്‌ചിദോ (മ്യാൻമർ) ∙ വടക്കൻ റാഖൈനിലെ എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും അപലപിക്കുന്നതായി മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി. സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു.

ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു നടത്തിയ തൽസമയ പ്രസംഗത്തിലാണു രോഹിൻഗ്യൻ വിഷയത്തിൽ സൂ ചി ആദ്യമായി നിലപാടു വ്യക്തമാക്കിയത്. വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണു ശ്രമമെന്നും രാജ്യാന്തര നിരീക്ഷണത്തെ ഭയക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. സൈന്യത്തിന്റെ പങ്കിനെക്കുറിച്ച് എന്തെങ്കിലും പരാമർശം നടത്താതിരുന്ന സൂ ചി, വംശഹത്യയാണു നടക്കുന്നതെന്ന യുഎൻ ആരോപണവും തള്ളി. മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവർക്കെതിരെ മത, വംശ ഭേദമില്ലാതെ നടപടി സ്വീകരിക്കും. റാഖൈനിലെ ചെറിയൊരു വിഭാഗം മാത്രമെ രാജ്യം വിട്ടിട്ടുള്ളൂ. അവിടങ്ങളിൽ സന്ദർശനം നടത്താൻ രാജ്യാന്തര നയതന്ത്രജ്ഞരെ ക്ഷണിക്കുന്നതായും സൂ ചി പറഞ്ഞു.

സ്വന്തം രാജ്യത്തു നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനത്തിൽ പ്രതികരിക്കാൻ തയാറാകാത്തതിൽ നൊബേൽ സമ്മാന ജേതാവു കൂടിയായ സൂ ചിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. നാലു ലക്ഷത്തിലേറെപ്പേർ ബംഗ്ലദേശിലേക്കു പലായനം ചെയ്തെന്ന യുഎൻ റിപ്പോർട്ടിനു പിന്നാലെയാണു വിശദീകരണം. വലിയ സ്ക്രീനുകളിൽ പ്രസംഗം കാണുന്നതിനായി യാങ്കൂൺ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പതിനായിരങ്ങളാണു തടിച്ചുകൂടിയത്. ‘ഞങ്ങൾ സൂ ചിക്കൊപ്പം’ എന്ന പേരിലുള്ള ക്യാംപെയ്നുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മ്യാൻമറിലെ പ്രശ്നബാധിത മേഖലകൾ സന്ദർശിക്കാൻ മനുഷ്യാവകാശ വിഭാഗത്തിനു നിരുപാധികവും പൂർണവുമായ അനുമതി നൽകണമെന്ന് ഐക്യരാഷ്ട്രസംഘടന ആവശ്യപ്പെട്ടു.  അസത്യങ്ങൾ നിറഞ്ഞതാണു സൂ ചിയുടെ പ്രസംഗമെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ കുറ്റപ്പെടുത്തി.