Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനു വീണ്ടും നാവുപിഴ, ഇത്തവണ വെർജിൻ ഐലൻഡ്സിന്റെ ഗവർണർ

Donald Trump at UNGA

വാഷിങ്ടൻ∙ ഈ വെർജിൻ ഐലൻഡ്സ് എവിടെയാണ്? യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു ചോദിച്ചിട്ടു കാര്യമില്ല. തന്റെ തന്നെ ഭരണത്തിനു കീഴിലുള്ള വെർജിൻ ഐലൻഡ്സിനു വേറെയൊരു പ്രസിഡന്റുണ്ടെന്നു തട്ടിവിട്ടു ബ്രഹ്മാണ്ഡ അബദ്ധത്തിൽപ്പെട്ടിരിക്കുകയാണ് ട്രംപ്.

ഇർമ, മരിയ ചുഴലിക്കാറ്റുകൾ വീശിയടിച്ചതിനെത്തുടർന്നു കനത്ത നാശനഷ്ടങ്ങൾ നേരിട്ട യുഎസ് മേഖലകൾ നേരിട്ടു സന്ദർശിച്ച കാര്യം വിശദീകരിക്കുമ്പോഴാണു ‘വെർജിൻ ഐലൻഡ്സിന്റെ പ്രസിഡന്റി’നെ കണ്ട കാര്യം പറഞ്ഞത്. സത്യത്തിൽ, വെർജിൻ ഐലൻഡ്സ് ഗവർണർ കെനത്ത് മാപ്പിനെ കണ്ട കാര്യമാണ് ട്രംപ് ഉദ്ദേശിച്ചത്. പറഞ്ഞുവന്നപ്പോൾ ഗവർണർ പ്രസിഡന്റായി.

വെർജിൻ ഐലൻഡ്സ് യുഎസിന്റെ ഭാഗമാണെന്നും അവിടെയുള്ളത് യുഎസ് പൗരന്മാരാണെന്നും ട്രംപിന് അറിയില്ലല്ലോയെന്നു പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ പിന്നെ പൊങ്കാലയായി. എന്തായാലും, ട്രംപിന്റെ പ്രസംഗത്തിന്റെ ലിഖിതരൂപം വൈറ്റ്ഹൗസ് പുറത്തുവിട്ടപ്പോൾ ‘വെർജിൻ ഐലൻഡ്സിന്റെ ഗവർണർ’ എന്നു തിരുത്തുണ്ടായിരുന്നു.

മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ പോർട്ടറീക്കോയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനമറിയാതെ ട്രംപ് ഉരുണ്ടുകളിച്ചതും ചർച്ചയായിട്ടുണ്ട്. പോർട്ടറീക്കോയെ വിശേഷിപ്പിച്ചത് ഇങ്ങനെ: ‘ഒരു സമുദ്രത്തിന്റെ നടുക്കിരിക്കുന്ന ദ്വീപ്. സമുദ്രമെന്നു പറഞ്ഞാൽ നല്ല ഒന്നാന്തരം വലുപ്പത്തിലുള്ള ഒരു സമുദ്രം.’ അറ്റ്ലാന്റിക് സമുദ്രം വലിയൊരു സമുദ്രമാണെന്നതു ശരിതന്നെ. പക്ഷേ, പോർട്ടറീക്കോ അതിന്റെ നടുക്കല്ല. എന്നു മാത്രവുമല്ല, അതിന്റെ സ്ഥാനം കരീബിയൻ കടലിലുമാണ്.

ചുഴലിക്കാറ്റു നാശം വിതച്ച യുഎസ് മേഖലകളിൽ സന്ദർശനം നടത്തിയതിനെക്കുറിച്ചു പ്രസിഡന്റ് ഡോണൾഡ് ട്രംപ്... 

‘ടെക്സസിലും പോയി ഫ്ലോറി‍ഡയിലും പോയി ലൂസിയാനയിലും ഇറങ്ങിയാണു പോർട്ടറീക്കയ്ക്കു വച്ചുപിടിച്ചത്. അവിടെ ചെന്നപ്പോ‍ൾ വെർജിൻ ഐലൻഡ്സിന്റെ പ്രസിഡന്റിനെയും കണ്ടു.’ 

virgin-island

യുഎസ് വെർജിൻ ഐലൻഡ്സ് (ട്രംപിന് അറിയില്ലെങ്കിലും നമുക്ക് അറിയണമല്ലോ!)

കരീബിയൻ കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. വിസ്തീർണം 346.36 ചതുരശ്ര കിലോമീറ്റർ. യുഎസിലെ അൻപതു സംസ്ഥാനങ്ങളിൽപ്പെടാത്ത, എന്നാൽ യുഎസ് ഭരണത്തിൻകീഴിലുള്ള ദ്വീപസമൂഹങ്ങളിലൊന്നാണിത്. യുഎസ് ആഭ്യന്തര വകുപ്പിന്റെ ദ്വീപു വിഭാഗത്തിനാണു വെർജിൻ ഐലൻഡ്സിന്റെ ചുമതല. സെന്റ് ക്രോക്സ്, സെന്റ് ജോൺ, സെന്റ് തോമസ് എന്നിങ്ങനെ ഒട്ടേറെ ദ്വീപുകൾ ചേർന്നതാണു വെർജിൻ ഐലൻഡ്സ്. സെന്റ് തോമസ് ദ്വീപിലെ ഷാർലറ്റ് അമലിയാണു തലസ്ഥാനം. ബ്രിട്ടിഷ് ഭരണത്തിൻകീഴിൽ മറ്റൊരു വെർജിൻ ഐലൻഡ്സും ഉണ്ട്.