Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരട്ട ഭീകരാക്രമണം: അഫ്ഗാനിൽ 48 മരണം

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ പഖ്തിയ പ്രവിശ്യാ തലസ്ഥാനമായ ഗർദേശിൽ പൊലീസ് ആസ്ഥാനത്തിനു നേർക്കു താലിബാൻ ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ പൊലീസ് ചീഫ് ഉൾപ്പെടെ 33 പേർ കൊല്ലപ്പെട്ടു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. സമീപകാലത്തുണ്ടായതിൽ വച്ചേറ്റവും വലിയ ഭീകരാക്രമണമാണിത്.

അയൽപ്രവിശ്യയിൽ മറ്റൊരു ഭീകരാക്രമണത്തിൽ അഫ്ഗാൻ സേനയിലെ 15 ഭടന്മാരും കൊല്ലപ്പെട്ടു. ഗർദേശിൽ താലിബാൻ കാർബോംബ് സ്ഫോടനവും വെടിവയ്പുമാണു നടത്തിയത്. കൊല്ലപ്പെട്ടവരിൽ പൊലീസ് ആസ്ഥാനത്തെ സുരക്ഷാസേനാംഗങ്ങളും സാധാരണ പൗരൻമാരും ഉൾപ്പെടുന്നു. പ്രത്യാക്രമണത്തിൽ അഞ്ചു ഭീകരരും കൊല്ലപ്പെട്ടു. ‘ആശുപത്രി പരുക്കേറ്റവരെക്കൊണ്ടു നിറയുന്നു. എല്ലാവർക്കും രക്തം നൽകാൻപോലും ബുദ്ധിമുട്ടുകയാണ്,’ ഗർദേശ് ആശുപത്രി അധികൃതർ പറഞ്ഞു.