Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏതുനിമിഷവും ആണവയുദ്ധം: ഉത്തര കൊറിയ

kim-missile ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം നേരിട്ടു കാണുന്ന കിം ജോങ് ഉൻ (ഫയൽചിത്രം)

ന്യൂയോർക്ക് ∙ കൊറിയ ഉപദ്വീപിൽ സ്ഥിതി സ്ഫോടനാത്മകമാണെന്നും ഏതു നിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും ഐക്യരാഷ്ട്ര സംഘടനയ്ക്ക് (യുഎൻ) ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. 1970 മുതൽ അമേരിക്കയിൽനിന്ന് ആണവഭീഷണി നേരിടുന്ന ഏകരാജ്യം ഉത്തര കൊറിയ ആണെന്നും സ്വയരക്ഷയ്ക്കായി ആണവായുധങ്ങൾ ഉപയോഗിക്കാൻ മടിക്കില്ലെന്നും യുഎൻ പൊതുസഭയുടെ നിരായുധീകരണ സമിതി യോഗത്തിൽ ഉത്തര കൊറിയയുടെ ഡപ്യുട്ടി അംബാസഡർ കിം ഇൻ റിയോങ് പറഞ്ഞു.

സ്വയരക്ഷയ്ക്കാണ് ഉത്തര കൊറിയ ആണവായുധങ്ങൾ വികസിപ്പിച്ചതെന്നും ഉത്തര കൊറിയയുടെ പരമോന്നത നേതൃത്വത്തെ ഇല്ലാതാക്കാൻ രഹസ്യമായി ശ്രമിക്കുന്ന അമേരിക്കയാണു കൂടുതൽ അപകടകാരിയെന്നും കിം പറഞ്ഞു. അണുബോംബും ഹൈഡ്രജൻ ബോംബും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയയുടെ ആയുധശേഖരത്തിലുണ്ട്. അമേരിക്ക മുഴുവൻ ഞങ്ങളുടെ മിസൈൽ പരിധിയിലാണ്. സ്വയരക്ഷയ്ക്കായി അവ ഉപയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്–കിം വിശദീകരിച്ചു.

ആണവരഹിത ലോകമാണ് ഉത്തര കൊറിയ ആഗ്രഹിക്കുന്നത്. എന്നാൽ, ചില രാജ്യങ്ങൾക്ക് അവരുടെ അധീശത്വം സ്ഥാപിച്ചു മുതലെടുക്കാനുള്ളതാകരുത് ആണവ നിരായുധീകരണ നയം. യുഎസിന്റെ ശത്രുതാ മനോഭാവം മാറാതെ ഞങ്ങൾ നിരായുധീകരണ ചർച്ചകൾക്കു തയാറല്ല–കിം വ്യക്തമാക്കി.

ഉത്തര കൊറിയയുമായി നേരിട്ടു ചർച്ചയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നു യുഎസ് ഡപ്യുട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോൺ ജെ.സള്ളിവൻ ടോക്കിയോയിൽ പറഞ്ഞു. ആദ്യബോംബ് വീഴുന്നതുവരെ പ്രശ്നം പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്ൻ പ്രതികരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കർക്കശ നിലപാട് മയപ്പെടുത്തുന്ന പ്രതികരണമാണിത്. ഉത്തര കൊറിയ–യുഎസ് ചർച്ചകൾക്കായി ചൈന ശ്രമം നടത്തിയെങ്കിലും യുഎസും സഖ്യരാജ്യമായ ജപ്പാനും അനുകൂലമല്ലായിരുന്നു.

സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ചർച്ചകൾക്കു സാധ്യതതേടി എത്തിയ സള്ളിവൻ ജപ്പാൻ സർക്കാരിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തി. ഇതേസമയം, യുഎൻ ഉപരോധം മൂലം പണത്തിനു വിഷമിക്കുന്ന ഉത്തര കൊറിയയാണ് ഈയിടെ തയ്‍വാൻ ഫാർ ഈസ്റ്റേൺ ബാങ്കിൽനിന്ന് ആറു കോടി ഡോളർ കവർന്നതിനു പിന്നിലെന്ന് ആരോപണമുണ്ട്. ഉത്തര കൊറിയയിലെ ലാസറസ് ഹാക്കിങ് സംഘമായിരുന്നു പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.