Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യകൾക്കിടയിൽ വന്ധ്യംകരണം കർശനമായി നടപ്പാക്കാൻ ബംഗ്ലദേശ്

ധാക്ക∙ രോഹിൻഗ്യകൾക്കിടയിൽ വന്ധ്യംകരണവും മറ്റു കുടുംബാസൂത്രണ മാർഗങ്ങളും കർശനമായി നടപ്പാക്കാൻ ബംഗ്ലദേശ് സർക്കാർ പദ്ധതിയിടുന്നു. അഭയാർഥിസമൂഹത്തിന്റെ ജനസംഖ്യ നിയന്ത്രിക്കാനാണു നടപടി. ഇതിനിടെ, രോഹിൻഗ്യകളുടെ മ്യാൻമറിൽ നിന്നുള്ള പലായനം തുർക്കി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിനു (ടിആർടി) വേണ്ടി റിപ്പോർട്ട് ചെയ്യാൻ പോയ രണ്ടു വിദേശ മാധ്യമപ്രവർത്തകരെ മ്യാൻമർ പൊലീസ് അറസ്റ്റ് ചെയ്തു.

മ്യാൻമർ പാർലമെന്റ് മന്ദിരത്തിനു മുകളിലൂടെ ഡ്രോൺ പറത്തിയ കുറ്റത്തിനാണു സിംഗപ്പൂർ പൗരൻ ലാവു ഹോൺമെങ്, മലേഷ്യയിൽ നിന്നുള്ള മോക് ചോയി ലിൻ എന്നിവരെ അറസ്റ്റ് ചെയ്തത്. രണ്ടു സഹായികളും അറസ്റ്റിലായിട്ടുണ്ട്. ആറുലക്ഷത്തിലേറെ രോഹിൻഗ്യകളാണു ബംഗ്ലദേശിലെ അഭയാർഥി ക്യാംപുകളിൽ കഴിയുന്നത്.

രോഹിൻഗ്യ സ്ത്രീകളിൽ 20,000 പേർ ഗർഭിണികളാണെന്നും 600 പേർ ബംഗ്ലദേശിൽ എത്തിയശേഷം പ്രസവിച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക കണക്ക്. രോഹിൻഗ്യകളുടെ ഇടയിൽ കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നാണ് ആരോഗ്യപ്രവർത്തകരുടെ റിപ്പോർട്ട്.

10–12 കുട്ടികളാണു ശരാശരി രോഹിൻഗ്യ കുടുംബങ്ങളിലുള്ളത്. ഗർഭനിരോധന മാർഗങ്ങൾ അഭയാർഥികൾ സ്വമേധയാ സ്വീകരിക്കാത്ത സാഹചര്യത്തിലാണു വന്ധ്യംകരണം കർശനമായി നടപ്പാക്കാൻ ബംഗ്ലദേശ് പദ്ധതിയിടുന്നത്.