Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയ്ക്കു മീതെ വീണ്ടും യുഎസ് ബോംബർ വിമാനങ്ങൾ

US-bombers Representative Image

സോൾ/ വാഷിങ്ടൻ ∙ യുദ്ധഭീഷണി ഉയർത്തി ഉത്തര കൊറിയയ്ക്കു മീതേ രണ്ടു യുഎസ് ബോംബർ വിമാനങ്ങൾ പറന്നു. ഈ മേഖലയിൽ യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിന്റെ പര്യടനം തുടങ്ങുന്നതിനു തൊട്ടു മുൻപായാണു ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും പോർവിമാനങ്ങൾ കൂടി ഉൾപ്പെട്ട അഭ്യാസപ്രകടനം നടന്നത്. തങ്ങൾക്കെതിരെ ആണവ മിന്നലാക്രമണം നടത്തുന്നതിനു മുന്നോടിയായുള്ള നീക്കമാണിതെന്ന് ഉത്തര കൊറിയ ആരോപിച്ചു.

യുഎസിന്റെ ബി1ബി ലാൻസർ ബോംബറുകൾ ഗുവാമിലെ വ്യോമതാവളത്തിൽ നിന്നു പറന്നുയരുമ്പോൾ മൂന്നു വിമാനവാഹിനിക്കപ്പലുകളും ഏഷ്യ–പസഫിക് മേഖലയിലുണ്ടായിരുന്നു. ഈ ദശാബ്ദത്തിൽ ആദ്യമായാണ് ഒരു മേഖലയിൽ ഇത്രയും യുദ്ധസന്നാഹം ഒരേസമയം ഉണ്ടാകുന്നത്. സെപ്റ്റംബർ 15നുശേഷം ഇതുവരെ ഉത്തര കൊറിയ മിസൈലുകൾ വിക്ഷേപിച്ചിട്ടില്ല. ഇത്രയ‌ും കാലയളവ് ഈ വർഷം ഇതുവരെ ഉണ്ടായിട്ടില്ല.

എന്നാൽ ഇപ്പോൾ ആണവ ഗവേഷണ കേന്ദ്രത്തിൽ തിരക്കിട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നു സൂചനകളുണ്ട്. ഉടനെ ഒരു വിക്ഷേപണം കൂടി നടത്താൻ സാധ്യതയുണ്ട്. ട്രംപ് പ്രസിഡന്റായ ശേഷം ഈ മേഖലയിലേക്ക് ആദ്യമായി നടത്തുന്ന പര്യടനം നാളെയാണു തുടങ്ങുക. ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കും. ഉത്തര കൊറിയയ്ക്കെതിരെ കൂടുതൽ നടപടിയെടുക്കണമെന്ന് ഈ രാജ്യങ്ങളോട് ആവശ്യപ്പെടുകയാണു ട്രംപിന്റെ ലക്ഷ്യം.

സമയം കടന്നുപോകുകയാണെന്നും മറ്റു രാജ്യങ്ങൾ എന്തുചെയ്യുന്നുവെന്നറിയാൻ ഏതാനും മാസങ്ങൾ കൂടി കാക്കാമെന്നുമാണു ദേശീയസുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആർ.മാക്മാസ്റ്റർ പറഞ്ഞത്. ട്രംപ് എത്തുന്നതിനു മുൻപു ദക്ഷിണ കൊറിയ ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കും. അതിനായി അവിടത്തെ ദേശീയ സുരക്ഷാസമിതി കഴിഞ്ഞദിവസം കൂടിയിരുന്നു. ഇതിനിടെ, ഉത്തര കൊറിയൻ പ്രശ്നം പരിഹരിക്കാൻ തങ്ങളാലാകുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നു ചൈന വ്യക്തമാക്കി.