Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിറ്ററിൽ ട്രംപിന്റെ വായടപ്പിച്ച് 11 മിനിറ്റ്; അക്കൗണ്ട് പൂട്ടി ജീവനക്കാരൻ സ്ഥലംവിട്ടു!

Trump Twitter

വാഷിങ്ടൻ ∙ സമൂഹമാധ്യമമായ ട്വിറ്ററിൽനിന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 11 മിനിറ്റ് പുറത്തായി!  ട്വിറ്ററിൽനിന്നു പിരിഞ്ഞ ജീവനക്കാരൻ പറ്റിച്ച പണിയാണ്. കമ്പനിയിലെ തന്റെ അവസാന ദിവസം, ട്രംപിന്റെ അക്കൗണ്ട് റദ്ദാക്കിയശേഷമാണ് അയാൾ സ്ഥലംവിട്ടത്. ഈ സമയം @realDonaldTrump അക്കൗണ്ട് സന്ദർശിച്ചവർക്കു ലഭിച്ചത് ‘സോറി, ഈ പേജ് ഇല്ല’ എന്ന സന്ദേശമാണ്. 11 മിനിറ്റിനുശേഷം അക്കൗണ്ട് പുനസ്ഥാപിച്ചു. 

പിഴവുമൂലം അക്കൗണ്ട് റദ്ദായിപ്പോയെന്നു ട്വിറ്റർ അധികൃതർ ആദ്യം വിശദീകരിച്ചെങ്കിലും ജോലിവിട്ട ജീവനക്കാരനാണു ഉത്തരവാദിയെന്നു പിന്നീട് അറിയിക്കുകയായിരുന്നു. ട്രംപിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് 4.17 കോടി പേരാണു പിന്തുടരുന്നത്. ട്രംപിന്റെ വിവാദ പ്രസ്താവനകളെല്ലാം ഇതിലൂടെയാണ്. 

ട്രംപിന്റെ സ്വകാര്യ അക്കൗണ്ട് സുരക്ഷിതമല്ലെന്ന ആക്ഷേപവും ഇതോടൊപ്പമുയർന്നു. അക്കൗണ്ട് ഹാക്ക് ചെയ്തയാൾ ട്രംപിന്റെ പേരിൽ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലോ എന്നാണു ചോദ്യം. എന്നാൽ, കുറച്ചുനേരമെങ്കിലും ട്രംപിന്റെ അക്കൗണ്ട് അടച്ചുപൂട്ടിയതിന് ഈ ജീവനക്കാരനു മെഡൽ നൽകേണ്ടതാണെന്ന പരാമർശങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.

ട്വിറ്റർ

യുഎസിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സമൂഹമാധ്യമം. 2006 മാർച്ചിൽ ജാക്ക് ഡോർസി, നോവ ഗ്ലാസ്, ബ്ലിസ് സ്റ്റോൺ‌, ഇവാൻ വില്യംസ് എന്നിവർ ചേർന്നു രൂപംകൊടുത്തു. ഇന്റർനെറ്റിന്റെ ‘എസ്എംഎസ്’ എന്ന പേരും ട്വിറ്ററിനുണ്ട്. 2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന വാർത്താസ്രോതസ്സായിരുന്നു ട്വിറ്റർ. ഇതുമായി ബന്ധപ്പെട്ടു നാലുകോടിയിലധികം ട്വീറ്റുകളാണ് അന്നു പിറന്നത്.

ട്വിറ്റർ ബേർഡ്

സമൂഹമാധ്യമങ്ങളിലെ ഏറ്റവും പ്രത്യേകതകളുള്ള ലോഗോകളിലൊന്നാണു ട്വിറ്ററിന്റേത്. ഒരു നീലപ്പക്ഷിയാണ് ഇതിലെ താരം. ട്വിറ്റർ ബേർഡ് എന്നാണ് ഈ പക്ഷി അറിയപ്പെടുന്നത്. ട്വിറ്ററിന്റെ ലോഗോയിൽ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ ഇല്ല.