Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങാൻ ദക്ഷിണ കൊറിയ; ആണവ അന്തർവാഹിനികൾ വാങ്ങാൻ ട്രംപുമായി ചർച്ച

TRUMP-ASIA/SOUTHKOREA ദക്ഷിണ കൊറിയ പ്രസിഡന്റ് പ്രസിഡന്റ് മൂൺ ജേ നൽകിയ അത്താഴവിരുന്നിനിടെ സ്വകാര്യം പറയുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമവനിത മെലനിയയും.

സോൾ∙ ഉത്തര കൊറിയയിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് യുഎസിൽ നിന്ന് ആണവശേഷികൊണ്ടു പ്രവർത്തിക്കുന്ന അന്തർവാഹിനികൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ വാങ്ങാൻ ദക്ഷിണ കൊറിയ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലെത്തിയപ്പോഴാണ് അന്തർവാഹിനികൾ വാങ്ങുന്നതിനെക്കുറിച്ചു ട്രംപും ദക്ഷിണകൊറിയ പ്രസിഡന്റ് മൂൺ ജേയും തമ്മിൽ ചർച്ച നടത്തിയത്.

ദക്ഷിണ കൊറിയ യുഎസിൽ നിന്നു കോടിക്കണക്കിനു ഡോളറിന്റെ ആയുധങ്ങൾ വാങ്ങുമെന്നു ചർച്ചയ്ക്കുശേഷം ട്രംപും അറിയിച്ചു. ഉത്തര കൊറിയ ആണവ മിസൈലുകൾ ഉൾപ്പെടെയുള്ളവ തുടർച്ചയായി പരീക്ഷിക്കുകയും നിരന്തരം ഭീഷണി ഉയർത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണു പ്രതിരോധ നടപടികളുടെ ഭാഗമായി ആയുധങ്ങൾ വാങ്ങുന്നതെന്നു മൂൺ ജേ പറഞ്ഞു.

ഡീസൽ കൊണ്ടു പ്രവർത്തിക്കുന്ന അന്തർവാഹിനികളെക്കാൾ കൂടുതൽ കാലം വെള്ളത്തിൽ മുങ്ങിക്കിടക്കാൻ ആണവ ശേഷികൊണ്ടു പ്രവർത്തിക്കുന്ന അന്തർവാഹിനികൾക്കു കഴിയും. മാത്രമല്ല, ഇവയ്ക്കു കൂടുതൽ ദൂരത്തേക്കു പോയി ആക്രമണം നടത്താനും കഴിവുണ്ട്.

ട്രംപ് നേരത്തേ ജപ്പാൻ സന്ദർശിച്ചപ്പോഴും ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചു പറയുകയും ഉത്തര കൊറിയയുടെ ആണവപരീക്ഷണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു. ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ട്രംപ് ഇന്നു ചൈനയിലെത്തും.