Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന കലാപരിപാടിയല്ല: മാർപാപ്പ

POPE-MOBILEPHONES/

വത്തിക്കാൻ സിറ്റി ∙ കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മാർപാപ്പ തന്റെ വേദന പങ്കുവച്ചത്. ‘കുർബാന പ്രാർഥനയ്ക്കായുള്ളതാണ്. അതൊരു കലാപരിപാടിയല്ല. ഞാൻ ഇവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതു കാണുന്നു– വിശ്വാസികൾ മാത്രമല്ല, പുരോഹിതരും ബിഷപ്പുമാരും ആ കൂട്ടത്തിലുണ്ട്!’ സങ്കടത്തോടെ പാപ്പ പറഞ്ഞു.

തിരുക്കർമങ്ങൾക്കിടെ, നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്തൂ എന്നു കാർമികൻ പറയുന്ന സന്ദർഭമുണ്ട്. അല്ലാതെ, മൊബൈൽ ഫോൺ ഉയർത്തി ഫോട്ടോ എടുക്കാനല്ല വൈദികൻ പറയുന്നത്. ഇതു വളരെ കഷ്ടമാണ്– അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സക്രിയമാണെങ്കിലും മാർപാപ്പയായശേഷം പൊതുജനമധ്യത്തിൽ മൊബൈലുമായി അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. തീർഥാടകരോടൊപ്പം സെൽഫിക്കായി നിൽക്കാറുമുണ്ട്. മൊബൈലിനു പകരം കയ്യിൽ ബൈബിൾ കൊണ്ടുനടക്കാൻ അദ്ദേഹം മുൻപൊരിക്കൽ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.