Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയക്കാര്യത്തിൽ യോജിപ്പിലെത്തി യുഎസും റഷ്യയും; വേണ്ടത് രാഷ്ട്രീയ പരിഹാരമെന്ന് സംയുക്ത പ്രസ്താവന

Donald Trump and Vladimir Putin വിയറ്റ്നാമിൽ ഏഷ്യ പസഫിക് രാജ്യങ്ങളുടെ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപും.

ദാനാങ്(വിയറ്റ്നാം)∙ ആറു വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ സൈനിക നടപടികൊണ്ടു പ്രയോജനമില്ലെന്നു യുഎസും റഷ്യയും. വിയറ്റ്നാമിൽ ഏഷ്യ പസഫിക് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പരസ്പരം കൈകൊടുത്ത് അൽപനേരം സംസാരിച്ചതിനു പിന്നാലെയാണു രാഷ്ട്രീയ പരിഹാരമാണു സിറിയയിൽ വേണ്ടതെന്ന സംയുക്ത പ്രസ്താവന റഷ്യൻ സർക്കാർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.

സിറിയ സംഘർഷത്തിലെ വിരുദ്ധചേരികളെ പിന്തുണയ്ക്കുന്നവരാണ് യുഎസും റഷ്യയും. സൈനിക നടപടി വ്യർഥമെന്നു സമ്മതിക്കുമ്പോഴും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുമെന്നു പ്രസ്താവനയിൽ ആവർത്തിച്ചിട്ട‌ുണ്ട്.

യുഎസ്–റഷ്യ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കുന്നതിനുള്ള സൈനിക മുൻകരുതലുകൾ എടുത്തിട്ടുള്ളതായും പറയുന്നു. ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ സിറിയയിലെ വിരുദ്ധചേരികളെ ആഹ്വാനം ചെയ്തിട്ടുമുണ്ട്. സിറിയ വിഷയത്തിൽ യുഎസ്–റഷ്യ കരാർ വന്നാൽ ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാനാകുമെന്നു ട്രംപ് എയർഫോഴ്സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

യുഎസിൽ റഷ്യ ഇടപെട്ടില്ല: ഒറ്റക്കെട്ടായി പുടിനും ട്രംപും

ഹനോയ്(വിയറ്റ്നാം)∙ യുഎസ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ തന്റെ വിജയമുറപ്പാക്കാൻ റഷ്യൻ ഭരണകൂടം ഇടപെട്ടിരുന്നോയെന്നു പുടിനോടു തന്നെ ചോദിച്ചെന്നും അത് അദ്ദേഹത്തെ അപമാനിച്ച പോലെയായെന്നും ഡോണൾഡ് ട്രംപ്.

ദാനാങ്ങിലെ ഉച്ചകോടിക്കു തൊട്ടുമുൻപ് ഫോട്ടോയെടുപ്പിനിടെയും അത്താഴവിരുന്നിനിടെയും ഏതാനും നിമിഷം സംസാരിച്ചപ്പോൾ ഇക്കാര്യം റഷ്യൻ പ്രസി‍ഡന്റിനോട് ആവർത്തിച്ചു ചോദിച്ചെന്നും അപ്പോഴെല്ലാം നിഷേധിച്ചെന്നുമാണു ട്രംപ് വ്യക്തമാക്കിയത്. ആരോപണങ്ങൾ ട്രംപിന്റെ എതിരാളികൾ കെട്ടിച്ചമച്ചതാണെന്നു പുടിനും പറഞ്ഞു.