Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറാൻ–ഇറാഖ് അതിർത്തിയിൽ വൻ ഭൂകമ്പം; 414 മരണം

Debris of buildings ഇറാനിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങളും വാഹനവും.

ബഗ്ദാദ്/ അങ്കറ ∙ ഇറാൻ–ഇറാഖ് അതിർത്തി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ ഭൂകമ്പത്തിൽ 414 മരണം. 7235 പേർക്കു പരുക്കേറ്റു. ഒരുലക്ഷത്തോളം പേർ ഭവനരഹിതരായി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നു. 7.3 തീവ്രതയുള്ള ഭൂകമ്പം തുർക്കി, ഇസ്രയേൽ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ഇറാനിൽ 407 പേരാണു മരിച്ചത്. പരുക്കേറ്റത് 6700 പേർക്കും. 70,000 പേർ ഭവനരഹിതരായി.

ഇറാഖിൽ ഏഴുപേർ മരിക്കുകയും 535 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇറാനിലെ 14 പടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂചലനം അനുഭവപ്പെട്ടു. അതിൽ കെർമാൻഷാ പ്രവിശ്യയിലാണു കൂടുതൽ നാശം സംഭവിച്ചത്. ഇറാഖിൽ ഏറ്റവും കൂടുതൽ നാശമുണ്ടായതു കുർദ് മേഖലയിലെ സുലൈമാനിയ പ്രവിശ്യയിൽപെട്ട ദർബണ്ടിഖാൻ നഗരത്തിലും. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന സാഗ്രോസ് മലയുടെ ഇരുവശത്തുമാണു നാശമുണ്ടായിരിക്കുന്നത്.

ഇറാഖിലെ ഹലാബ്ജ നഗരത്തിൽനിന്നു 31 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം; ഭൂമിക്കടിയിൽ 23.2 കിലോമീറ്റർ മാത്രം താഴ്ചയിൽ. 118 തവണ തുടർചലനങ്ങളുമുണ്ടായി. ഭൂകമ്പത്തെത്തുടർന്നു മണ്ണിടിച്ചിലുണ്ടായതിനാൽ രക്ഷാപ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു.

ഇറാൻ: ഭൂകമ്പങ്ങളുടെ നാട്

ഭൂകമ്പസാധ്യത ഏറെയുള്ള പ്രദേശമാണ് ഇറാൻ. അറേബ്യൻ, യുറേഷ്യൻ ഭൗമപാളികൾക്കിടയിലെ 1500 കിലോമീറ്റർ ഫോൾട്ടി ലൈനിൽ വരുന്ന പ്രദേശമാണ് ഇറാൻ. ഇന്ത്യയുടെ പകുതി വിസ്തീർണമുള്ള (16,48,195 ചതുരശ്ര കിലോമീറ്റർ) ഇറാനിൽ ഈ വർഷം തന്നെ അഞ്ചിനു മുകളിൽ തീവ്രത രേഖപ്പെടുത്തിയ നാലു ഭൂകമ്പങ്ങളുണ്ടായി. എന്നാൽ മരണസംഖ്യ നന്നെ കുറവായിരുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും തീവ്രത കൂടിയ ഭൂകമ്പം 2013 ഏപ്രിൽ 13നു സറവൻ മേഖലയിലുണ്ടായതാണ്.

തീവ്രത 7.7 രേഖപ്പെടുത്തിയ ഭൂകമ്പം ഇറാന്റെ തെക്കുകിഴക്ക് പാക്കിസ്ഥാനോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചു. എന്നാൽ ഏറ്റവും അധികം ആൾനാശം വരുത്തിയ ഭൂകമ്പം 1990 ജൂൺ 20ന് തലസ്ഥാനമായ ടെഹ്റാനു വടക്കു പടിഞ്ഞാറു പ്രദേശത്തുണ്ടായതാണ്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 50,000 ത്തോളം പേരുടെ ജീവനപഹരിച്ചു. 2003 ഡിസംബർ 22നു ബാം പട്ടണത്തിലുണ്ടായ ഭൂകമ്പം 26,000 പേരുടെ മരണത്തിനിടയാക്കി.