Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെടാ‍ൻ ശ്രമിച്ച സൈനികനെ ഉത്തരകൊറിയ വെടിവച്ചു വീഴ്ത്തി

gun-fire-representational-image Representational image

സോൾ (ദക്ഷിണ കൊറിയ) ∙ ദക്ഷിണ കൊറിയയിലേക്ക് അതിർത്തി കടന്നു രക്ഷപ്പെടാൻ ശ്രമിച്ച സ്വന്തം സേനാംഗത്തെ ഉത്തര കൊറിയൻ സൈന്യം വെടിവച്ചു വീഴ്ത്തി. ദക്ഷിണ കൊറിയൻ മേഖലയിലേക്കു കടന്ന സൈനികൻ അതീവഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

ഇരു കൊറിയകളുടെയും സൈനികർ മുഖാമുഖം വരുന്ന, വെടിനിർത്തൽ നിലനിൽക്കുന്ന പാൻമുൻജോം അതിർത്തിയിൽ തിങ്കളാഴ്ച നടന്ന സംഭവം, മേഖലയിൽ നിരീക്ഷണം നടത്തുന്ന യുഎസ് നേതൃത്വത്തിലുള്ള യുഎൻ കമാൻഡ് (യുഎൻസി) ആണു പുറത്തുവിട്ടത്. സംഭവത്തിൽ യുഎൻ അന്വേഷണം ആരംഭിച്ചു. സംയുക്ത സുരക്ഷാ മേഖലയായ ഇവിടെ ചെറിയൊരു കോൺക്രീറ്റ് വേർതിരിവ് മാത്രമേയുള്ളൂ.

ദക്ഷിണ കൊറിയ ലക്ഷ്യമാക്കി വാഹനത്തിൽ അതിവേഗമെത്തിയ സൈനികൻ അതിർത്തി കടന്നതോടെ ഉത്തരകൊറിയൻ സൈന്യം വെടിവയ്പ് ആരംഭിച്ചു. ടയർ കേടായതിനെ തുടർന്ന് ഇറങ്ങി ഓടിയ സൈനികനു നേർക്ക് 40 റൗണ്ട് വെടിയുതിർത്തതായാണു യുഎൻസി റിപ്പോർട്ട്. കെട്ടിടത്തിന്റെ മറവിലൊളിച്ച ഇയാളെ ദക്ഷിണ കൊറിയൻ സേനാംഗങ്ങൾ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ആന്തരാവയവങ്ങൾക്ക് ആഴത്തിൽ മുറിവേറ്റതിനാൽ രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതിർത്തി സേനയിൽപെടുന്നയാളല്ല സൈനികനെന്നാണു സൂചന. യൂണിഫോമിലെത്തിയ ഇയാൾ നിരായുധനായിരുന്നു. എവിടെ നിന്നാണ് എത്തിയതെന്നോ എന്താണു ലക്ഷ്യമെന്നോ വ്യക്തമല്ല. സംഭവത്തിൽ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയിൽ നിന്നു ചൈന വഴി ഓരോ വർഷവും ഒട്ടേറെപ്പേർ ദക്ഷിണകൊറിയയിലേക്കു കടക്കാറുണ്ട്. ഇങ്ങനെ എത്തുന്നവരെ രാജ്യത്തേക്കു തിരിച്ചയയ്ക്കണമെന്നാണ് ഉത്തരകൊറിയയുടെ ആവശ്യം.