Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാവിഞ്ചിയുടെ ‘ലോകരക്ഷകൻ’ വിറ്റത് 2930 കോടി രൂപയ്ക്ക്

Salvator-Mundi ലിയനാഡോ ഡാവിഞ്ചിയുടെ ക്രിസ്തുവിന്റെ പെയിന്റിങ് ‘സാൽവേറ്റർ മുൻഡി’ (ലോകരക്ഷകൻ)

ന്യൂയോർക്ക്∙ വിശ്രുത ചിത്രകാരൻ ലിയനാഡോ ഡാവിഞ്ചിയുടെ ക്രിസ്തുവിന്റെ പെയിന്റിങ് ‘സാൽവേറ്റർ മുൻഡി’ (ലോകരക്ഷകൻ) ലേലത്തിൽ വിറ്റതു 45 കോടി ഡോളറിന് (ഏകദേശം 2930 കോടി രൂപ). ഡാവിഞ്ചി ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. ഒരു കലാരൂപത്തിന് ലേലത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. പാബ്ലോ പിക്കാസോയുടെ ‘അൽജിയേഴ്സിലെ സ്ത്രീകൾ’ എന്ന ചിത്രത്തിനു ലഭിച്ച 17.9 കോടി ഡോളർ (1141 കോടി രൂപ) എന്ന റെക്കോർഡാണു ഡാവിഞ്ചി ചിത്രം മാറ്റിവരച്ചത്.

സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന ഡാവിഞ്ചിയുടെ അവസാന ചിത്രമാണു ലേലത്തിൽ വിറ്റത്. ബാക്കി പത്തൊമ്പതു ചിത്രങ്ങളും സ്ഥാപനങ്ങളുടെയോ ട്രസ്റ്റിന്റെയോ കൈവശമാണ്. പ്രശസ്ത ലേലസ്ഥാപനമായ ക്രിസ്റ്റിയാണ് അമൂല്യമായ ചിത്രം ലേലത്തിനു വച്ചത്. പേരുവെളിപ്പെടുത്താത്ത വ്യക്തിയാണു ലേലം ഉറപ്പിച്ചത്.

Leonardo-da-Vinci ലിയനാഡോ ഡാവിഞ്ചി

ലോകരക്ഷകൻ‌‍ കണ്ടെത്തിയത് 2005ൽ

നവോഥാനകാല ചിത്രകാരനായ ഡാവിഞ്ചി 1509ൽ വരച്ചുവെന്നു കരുതുന്ന ചിത്രം 2005 ലാണു കണ്ടെത്തിയത്. വലതു കയ്യിലെ രണ്ടു വിരലുകൾ ഉയർത്തി, ഇടതു കയ്യിൽ സ്ഫടിക ഗ്ലോബ് പിടിച്ചിരിക്കുന്ന ചിത്രമാണിത്.