Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണി ചർച്ച അലസി; ജർമനി വീണ്ടും തിരഞ്ഞെടുപ്പിലേക്കെന്നു സൂചന

ബർലിൻ∙ ജർമനിയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചാൻസലർ അംഗല മെർക്കലിന്റെ ശ്രമത്തിനു തിരിച്ചടി. കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകളിൽ നിന്നു ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്ഡിപി) പിന്മാറി. പുതിയ സർക്കാരിന്റെ നയങ്ങൾ എന്തായിരിക്കണമെന്നതിനെപ്പറ്റി അഭിപ്രായ ഐക്യത്തിലെത്താൻ കഴിയാത്തതാണ് ഒരുമാസത്തോളം നീണ്ട ചർച്ച പരാജയപ്പെടാൻ കാരണമായത്. പ്രസിഡന്റിനെ കണ്ട മെർക്കൽ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി.

മെർക്കലിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ സർക്കാരിനെ തുടരാൻ അനുവദിക്കുകയോ പുതിയ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയോ ആണു പോംവഴി. അപ്രതീക്ഷിതമായുണ്ടായ പ്രതിസന്ധിയിൽ യൂറോയുടെ വിലയിടിഞ്ഞതു മറ്റു യൂറോപ്യൻ രാജ്യങ്ങളെയും ഉത്കണ്ഠയിലാക്കി.

ജമൈക്ക മുന്നണിയിലെ പങ്കാളിയായ ഗ്രീൻ പാർട്ടിയുമായി ഒത്തുപോകാൻ കഴിയില്ലെന്നു പ്രഖ്യാപിച്ചാണു ഫ്രീ ഡെമോക്രാറ്റുകൾ പിന്മാറിയത്. മോശമായി ഭരിക്കുന്നതിലും ഭേദം, ഭരിക്കാതെയിരിക്കുകയാണെന്നു എഫ്ഡിപി അധ്യക്ഷൻ ക്രിസ്ത്യാൻ ലിൻഡനർ പറഞ്ഞു.

ചർച്ചയിൽ കുടിയേറ്റ–അഭയാർഥി പ്രശ്നം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തികം എന്നീ മേഖലകളിലാണു ഗ്രീൻ പാർട്ടിയും ഫ്രീ ഡെമോക്രാറ്റുകളും തമ്മിൽ കൊമ്പുകോർത്തത്. എന്നാൽ കുടിയേറ്റം സംബന്ധിച്ച മെർക്കലിന്റെ അയവുള്ള നിലപാടാണു മുന്നണി രൂപീകരണത്തിൽ പ്രധാന കീറാമുട്ടിയായതെന്നാണു സൂചന.

രാജ്യത്തു സുസ്ഥിരമായ ഭരണമാണ് ആവശ്യമെന്നു മെർക്കൽ തുറന്നടിച്ചു.

പാർലമെന്റ് കക്ഷിനില (ആകെ സീറ്റ്: 709)

∙ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂണിയൻ: 200

∙ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ: 46

∙ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി: 153

∙ ഫ്രീ ഡെമോക്രാറ്റിക് പാർട്ടി: 80

∙ എഎഫ്ബി: 92

∙ ഇടതുപക്ഷം: 69

∙ ഗ്രീൻസ്: 67

∙ സ്വതന്ത്രർ: 2

ജമൈക്ക മുന്നണി

ജർമൻ ചാൻസലർ അംഗല മെർക്കൽ രൂപീകരിക്കാനാഗ്രഹിച്ച ജമൈക്ക മുന്നണിക്കു കരീബിയൻ ദ്വീപായ ജമൈക്കയുമായി നേരിട്ടു ബന്ധമില്ല. മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയൻ(സിഡിയു), മിതവാദികളായ ഫ്രീ ഡമോക്രാറ്റിക് പാർട്ടി(എഫ്ഡിപി), പരിസ്ഥിതിവാദികളായ ഗ്രീ‍ൻ പാർട്ടി എന്നിവരുൾപ്പെട്ട സഖ്യമായാണു മുന്നണി വിഭാവന ചെയ്തിരുന്നത്.

ഈ മൂന്നു പാർട്ടികളുടെയും പതാകയുടെ നിറങ്ങൾ കൂടിച്ചേരുമ്പോ‍ൾ ജമൈക്കൻ പതാകയുടെ നിറമാണ്. ഈ കാരണം കൊണ്ടാണു ജമൈക്ക മുന്നണിയെന്നു വിളിപ്പേരു വന്നത്.