Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പൊഴിവാക്കാൻ തിരക്കിട്ടു ചർച്ച; ന്യൂനപക്ഷ സർക്കാരിനില്ലെന്ന് മെർക്കൽ

ബർലിൻ∙ ജമൈക്ക മുന്നണിക്കുള്ള സാധ്യത മങ്ങിയതോടെ ജർമനിയിൽ പുതിയ തിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച തിര‍ഞ്ഞെടുപ്പു നടക്കുമെന്നാണു സൂചനയെങ്കിലും പ്രതിസന്ധിയുടെ കുരുക്കഴിക്കാൻ തിരക്കിട്ട ചർച്ചകളും സജീവം. ജർമൻ രാഷ്ട്രീയത്തിൽ അടുത്ത മൂന്നാഴ്ച നിർണായകം. ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റയൻമയറാണു പാർട്ടികളുമായി ചർച്ച നടത്തുന്നത്.

ജമൈക്ക മുന്നണിയിൽനിന്ന് ‘ഇറങ്ങിപ്പോയ’ ഫ്രീ ഡെമോക്രാറ്റിക് പാർട്ടി(എഫ്ഡിപി)യെ അനുനയിപ്പിക്കുന്നതിൽ പരാജയപ്പെട്ടാ‍ൽ കാര്യങ്ങൾ തിരഞ്ഞെടുപ്പിലേക്കു തന്നെ നീങ്ങും. അങ്ങനെയെങ്കിൽ അംഗല മെർക്കൽ തന്നെയാകും ചാൻസലർ സ്ഥാനാർഥി. ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ താൽപര്യമില്ലെന്നു മെർക്കൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തേക്കു ‘കൂടുമാറ്റം’ നടത്തിയ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്കാരെ തിരികെയെത്തിച്ചു വിശാലസഖ്യം രൂപീകരിക്കാനും മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) ആഗ്രഹിക്കുന്നുണ്ട്.

കൂട്ടുവിട്ട സിഡിയു തീരുമാനം പുനരാലോചിക്കണമെന്ന അഭ്യർഥന സ്റ്റയൻമയർ മുന്നോട്ടുവയ്ക്കുമെന്നാണു സൂചനകൾ. ഭരണപ്രതിസന്ധി ഒഴിവാക്കാൻ ജർമൻ പ്രസിഡന്റ് പാ‍ർലമെന്റ് പിരിച്ചുവിട്ടു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടിവരും. പ്രതിസന്ധിക്കു പോംവഴി പുതിയ തിരഞ്ഞെടുപ്പാണെങ്കിൽ ജനങ്ങൾ അതിനെ അനുകൂലിക്കുന്നതായാണു അഭിപ്രായ സർവേകൾ.