Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാധാനദൂതുമായി മാർപാപ്പ മ്യാൻമറിലേക്ക്

ഫ്രാൻസിസ് മാർപാപ്പ എത്തും മുൻപേ അദ്ദേഹത്തിന്റെ പ്രഖ്യാത സന്ദേശം കരയും കടലും കടന്നു മ്യാൻമറിലെത്തിക്കഴിഞ്ഞു: ആധ്യാത്മികതയെ ലൗകികമാക്കരുത്, സ്വയം ചുരുങ്ങിപ്പോകരുത്!
കൊച്ചു രാജ്യമായ മ്യാൻമറിലെ ചെറിയ കത്തോലിക്കാ വിശ്വാസസമൂഹം കഠിനാധ്വാനം ചെയ്യുന്നതു സ്വയം ചുരുങ്ങിപ്പോകാതിരിക്കാനാണ്. ‍ഇന്ത്യയിലേതുപോലെ പടർന്നു പന്തലിച്ച സേവനമേഖലകൾ മ്യാൻമറിലെ സഭയ്ക്കില്ല. സഭയുടെ പക്കലുണ്ടായിരുന്ന സ്കൂളുകളും ആശുപത്രികളും അറുപതുകളിൽ ദേശസാൽക്കരിച്ചു. ആഭ്യന്തരമായി വേരറ്റു പോകുന്ന സമൂഹങ്ങളെ സംരക്ഷിക്കുകയെന്ന വെല്ലുവിളിയാണ് ഇപ്പോൾ മ്യാൻമർ സഭയുടേത്.

‘രോഹിൻഗ്യ അഭയാർഥി പ്രശ്നമാണു ലോകം ശ്രദ്ധിക്കുന്നതെങ്കിലും കലഹത്തിൽ കുടുങ്ങിയ ഒട്ടേറെ ചെറു സമൂഹങ്ങൾ ഈ രാജ്യത്തുണ്ട്. നാലര ലക്ഷത്തോളം പേരുള്ള സഭാസമൂഹത്തിന്റെ സംരക്ഷണത്തി‌ൽ ഒന്നര ലക്ഷത്തോളം ആഭ്യന്തര അഭയാർഥികളുണ്ട്’, ലാഷ്യോ രൂപതാ സെക്രട്ടറി ഫാ. ക്രിസ്റ്റഫർ രാജ് പറയുന്നു. വടക്കൻ മേഖലയിൽ നിന്നുള്ള അഭയാർഥികളെയാണു സഭ സംരക്ഷിക്കുന്നത്. സങ്കീർണമായ രോഹിൻഗ്യ പ്രശ്നത്തിൽ സഭ ഇടപെട്ടിട്ടില്ല. ബർമ, മ്യാൻമർ എന്നു പേരു മാറ്റുന്നതിന് ഏറെ മുൻപേ പഴയ മദ്രാസിൽ നിന്നെത്തിയതാണ് ഫാ. ‌ക്രിസ്റ്റഫർ രാജിന്റെ കുടുംബം. ഇന്ത്യയെയും ജന്മനാടിനെയും കുറിച്ചു നിറമുള്ള ഓർമകൾ സൂക്ഷിക്കുന്നു, ഈ ബർമക്കാരൻ. സഭ‌യ്ക്ക് അനാഥാലയങ്ങളും ആശ്രയകേന്ദ്രങ്ങളും നടത്താൻ അനുമതിയുണ്ട്. അടുത്ത കാലത്തു പൂവിട്ടു തുടങ്ങിയ ജനാധിപത്യം പുതിയ പ്ര‌തീക്ഷകൾ നൽകുന്നുമുണ്ട്.

fr-christopher-raj ഫാ. ക്രിസ്റ്റഫർ രാജ്



ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്ന മുഖ്യപരിപാടികൾ


മ്യാൻമർ
നാളെ ഉച്ചയ്ക്ക് 1.30: യാങ്കൂൺ വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം
ചൊവ്വാഴ്ച 4.00: തലസ്ഥാനമായ നയ്പിറ്റോയിൽ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച
ബുധൻ 9.30: യാങ്കൂൺ ക്യാകാസൻ മൈതാനത്ത് ബലിയർപ്പണം, ഉദ്ബോധനം
4.15: ബുദ്ധ സന്യാസിസമൂഹത്തിന്റെ പരമോന്നത സമിതിയംഗങ്ങളുമായി കൂടിക്കാഴ്ച; അഭിസംബോധന
വ്യാഴം 10.15: സെന്റ് മേരീസ് കത്തീഡ്രലിൽ യുവാക്കൾക്കുവേണ്ടി ബലിയർപ്പണം, ഉദ്ബോധനം,
ഉച്ചയ്ക്കു മ്യാൻമറിൽനിന്നു വിടവാങ്ങൽ.

ബംഗ്ലദേശ്  
വ്യാഴം 3.00: ധാക്ക വിമാനത്താവളത്തിൽ സ്വീകരണം
4.00: രക്സാക്ഷി സ്മാരകം സന്ദർശനം, രാഷ്ട്രപിതാവിനു പ്ര‌ണാമം.
5.00: രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച
ഡിസംബർ ഒന്ന്, 10: കുർബാന, ഉദ്ബോധനം
4.15: ബിഷപ്പുമാരുമായി ആശയവിനിമയം, ഉദ്ബോധനം
5.00: മതനേതാക്കളുമായി കൂടിക്കാഴ്ച ഡിസംബർ രണ്ട്, 10: തേജ്ഗാവ് മദർ തെരേസ ആശ്രമം സന്ദർശനം
3.20: യുവജനങ്ങളുമായി കൂടിക്കാഴ്ച.
4.45: വത്തിക്കാനിലേക്കു മടക്കം