Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും മിസൈൽ; യുഎസ് മുഴുവൻ പരിധിയിലെന്ന് ഉത്തര കൊറിയ

Kim-Jong-Un

പോങ്യാങ് / വാഷിങ്ടൻ∙ രണ്ടുമാസത്തെ നിശ്ശബ്ദതയ്ക്കുശേഷം ശക്തിയേറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘ഹ്വാസോങ്–15’ പരീക്ഷിച്ച് ഉത്തരകൊറിയ. ബുധനാഴ്ച പുലർച്ചെ മൂന്നിനാണു (പ്രാദേശിക സമയം) വിക്ഷേപിച്ചത്. അമേരിക്ക മുഴുവൻ ഇതിന്റെ പരിധിയിൽവരുമെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു.

വിക്ഷേപണ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ, രാജ്യം പൂർണ അണ്വായുധശേഷി കൈവരിച്ചതായും എന്നാൽ സ്വയംരക്ഷയ്ക്കായി മാത്രമേ ഉപയോഗിക്കൂ എന്നും വ്യക്തമാക്കി. സെപ്റ്റംബറിൽ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ച ഉത്തരകൊറിയ ഈ വർഷം ഇതുവരെ രണ്ടുതവണ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു.

യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേർന്നു. മിസൈൽ യുഎസ്സിനു ഭീഷണിയല്ലെന്നു പെന്റഗൺ അറിയിച്ചു. കൈകാര്യം ചെയ്യാവുന്ന സ്ഥിതിവിശേഷമേ ഇപ്പോഴുള്ളൂവെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇൻ എന്നിവരുമായി ട്രംപ് ടെലിഫോൺ സംഭാഷണം നടത്തി. മിസൈൽ പരീക്ഷണത്തിൽ ചൈനയും റഷ്യയും ആശങ്ക പങ്കുവച്ചു. ഉത്തരകൊറിയയുടെ പ്രകോപനത്തിനു പകരമായി മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയയും അറിയിച്ചു.



ദൂരം, ഉയരം
∙ മിസൈൽ സമുദ്രനിരപ്പിൽ നിന്നു 4475 കി.മീ. ഉയരത്തിലെത്തി (രാജ്യാന്തര ബഹിരാകാശ നിലയത്തെക്കാൾ പത്തു മടങ്ങ് ഉയരം)
∙ 53 മിനിറ്റ് കൊണ്ടു 950 കി.മീ. സഞ്ചരിച്ചു ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമായ കടലിൽ പതിച്ചു.

പ്രത്യേകതകൾ
∙ ഹ്വാസോങ്–14 മിസൈലിന്റെ പരിഷ്കരിച്ച രൂപം.
∙ 13,000 കി.മീ. ദൂരത്തിലധികം സഞ്ചാരശേഷി (യുഎസ് പൂർണമായും പരിധിയിൽവരും).