Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാഖൈൻ അഭയാർഥി പ്രശ്നം പരിഹരിക്കണം: മാർപാപ്പ

Pope-Francis സമാധാനത്തിനു കാവൽ: ബംഗ്ലദേശ് സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ധാക്ക വിമാനത്താവളത്തിൽ വിവിധ സൈനിക വിഭാഗങ്ങൾ നൽകിയ ഗാർഡ് ഓഫ് ഓണർ. ചിത്രം: റിജോ ജോസഫ്

മ്യാൻമറിലെ റാഖൈൻ മേഖലയിൽ നിന്നുള്ള മുസ്‍ലിം അഭയാർഥികളുടെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ബംഗ്ലദേശിലെത്തിയ മാർപാപ്പ തന്റെ ആദ്യ പ്രസംഗത്തിൽ രോഹിൻഗ്യ എന്ന വാക്ക് ഉപയോഗിച്ചില്ല. പകരം, റാഖൈൻ മേഖലയിൽ നിന്നുള്ള അഭയാർഥികൾ എന്നേ പറഞ്ഞുള്ളൂ. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യാൻ ബംഗ്ലദേശിനു സഹായം നൽകാൻ ലോക രാജ്യങ്ങളോടു മാർപാപ്പ അഭ്യർഥിച്ചു. ബംഗ്ലദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദ് കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു മാർപാപ്പയുടെ അഭ്യർഥന. 

2000 കോടിയോളം രൂപ മുടക്കി ബംഗ്ലദേശ്–മ്യാൻമർ അതിർത്തിയിലെ കോക്സ് ബസാർ ജില്ലയിൽ അഭയാർഥി സങ്കേതം സ്ഥാപിക്കുമെന്നു ‌പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഏതാനും മാസത്തിനകം അഭയാർഥി സങ്കേതം നിർമിക്കാനാണു ‌നീക്കം. ഇതിനിടെ, അഭയാർഥികളെ തിരികെ സ്വീകരിക്കാൻ മ്യാൻമറിനു മേൽ സമ്മർദം തുടരും. രോഹിൻഗ്യകളുടെ ഒഴുക്കു തുടരുകയാണെന്നു ബംഗ്ലദേശ് ആസൂത്രണ മന്ത്രി മു‌സ്തഫ കമാൽ പറഞ്ഞു.

1971ൽ കിഴക്കൻ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കുണ്ടായ അഭ‌യാർഥി പ്രവാഹത്തിനു സമാനമാണു ബംഗ്ലദേശ് നേരിടുന്ന പ്രതിസന്ധി. ആഭ്യന്തര കലാപത്തെ തുടർന്ന് അന്ന് ഒരു കോടിയിലേറെ ജനങ്ങൾ ഇന്ത്യയിൽ അഭയം തേടി.

ഇന്നു മാർപാപ്പ മതപ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ രോഹിൻഗ്യ അഭയാർഥി സംഘവും പ‌ങ്കെടുക്കും. മ്യാൻമറിൽ രോഹിൻഗ്യകളെ കാണാനുള്ള നീക്കം, നയതന്ത്ര പ്രശ്നങ്ങൾ കണക്കിലെടുത്തു വത്തിക്കാൻ ഉപേക്ഷിക്കുകയായിരുന്നു..

സ്വീകരിക്കാൻ പ്രസിഡന്റ് നേരിട്ട്

ഒരു കത്തോലിക്കാ വൈദികനെ കാണാതായതിനെ തുടർന്നുള്ള ആശങ്കകൾക്കിടെ, ഫ്രാൻസിസ് മാർപാപ്പയുടെ ത്രിദിന ബംഗ്ലദേശ് സന്ദർശനത്തിനു തുടക്കം. പ്രസിഡന്റ് അബ്ദുൽ ഹാമിദ്, വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി തുടങ്ങിയവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. 

ഇന്നു പൊതുവേദിയിൽ കുർബാന സമർപ്പണം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച, കത്തീഡ്രൽ സന്ദർശനം, മെത്രാന്മാരുമായി കൂടിക്കാഴ്ച, മതപ്രതിനിധികളുടെ സമ്മേളനം എന്നിവയാണു പരിപാടികൾ.