Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിസിസി ഉച്ചകോടി: സൗദി പങ്കെടുക്കുമെന്ന് സൂചന

കുവൈത്ത് സിറ്റി ∙ അഞ്ച്, ആറ് തീയതികളിൽ കുവൈത്തിൽ നടക്കുന്ന ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) ഉച്ചകോടിയിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പങ്കെടുക്കുമെന്നു സൂചന. ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദിക്ക് എതിർപ്പുകളില്ലെന്ന് നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു.

ഖത്തറുണ്ടെങ്കിൽ തങ്ങൾ പങ്കെടുക്കുന്നില്ലെന്ന് ബഹ്റൈൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ സൗദി പങ്കെടുക്കാൻ തീരുമാനിച്ചാൽ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ള മറ്റു ജിസിസി രാജ്യങ്ങളായ ബഹ്റൈനും യുഎഇയും മറിച്ചൊരു നിലപാടെടുക്കാൻ സാധ്യത കുറവാണ്.

ഗൾഫ് പ്രതിസന്ധി ആരംഭിച്ച് ആറു മാസം പിന്നിടുമ്പോഴും ഖത്തറിനും ഉപരോധ രാജ്യങ്ങൾക്കുമിടയിൽ നേരിട്ടു ചർച്ചകൾ നടന്നിട്ടില്ല. പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്താണ് ഇത്തവണ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത് എന്നത് ഇക്കാര്യത്തിൽ പ്രതീക്ഷ പകരുന്ന ഘടകമാണ്. യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും അഞ്ചിനു കുവൈത്തിലെത്തുന്നുണ്ട്. കുവൈത്ത് അമീറുമായുള്ള അദ്ദേഹത്തിന്റെ ചർച്ചകളിൽ ഖത്തർ പ്രതിസന്ധിയും വിഷയമാകുമെന്നാണു സൂചന.