Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാസഖ്യനീക്കം പൊളിഞ്ഞതിനെത്തുടർന്ന് മുഷറഫിന്റെ പുതിയ കരുനീക്കം; പൊതുതിരഞ്ഞെടുപ്പിൽ സഖ്യത്തിന് തയാർ

musharaf

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ അടുത്തവർഷത്തെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ മഹാസഖ്യം രൂപീകരിക്കാൻ ശ്രമിച്ച് ആദ്യംതന്നെ തിരിച്ചടിയേറ്റ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്, മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഹാഫിസ് സയീദുമൊത്തു പുതിയ സഖ്യത്തിനു ശ്രമിക്കുന്നു.

മില്ലി മുസ്‌ലിം ലീഗ് (എംഎംഎൽ) എന്ന പേരിൽ 2018ലെ പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നു ജമാ അത്തുദ്ദഅവ (ജെഡിയു) മേധാവി ഹാഫിസ് സയീദ് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സയീദുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനു മറുപടിയായാണ് സഖ്യത്തിന്റെ ഭാഗമാകാൻ അവർക്കു താൽപര്യമുണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നു മുഷറഫ് വ്യക്തമാക്കിയത്.

ഇതിനിടെ, തനിക്കെതിരെയുള്ള മൂന്ന് അഴിമതിക്കേസുകൾ ഒന്നിച്ചു പരിഗണിക്കണമെന്നാവശ്യപ്പെട്ടു മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് നൽകിയ ഹർജി ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളി. വിശദമായ വിധി പിന്നീടു നൽകുമെന്നു രണ്ടംഗ ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കി.

പാക്കിസ്ഥാനിലെ മുൻ പട്ടാളമേധാവികൂടിയായ പർവേസ് മുഷറഫ് പ്രഖ്യാപിച്ച 23 രാഷ്ട്രീയ പാർട്ടികളുടെ പിഎഐ മുന്നണി വിശാലസഖ്യത്തിനു തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റിരുന്നു. സഖ്യത്തിലുണ്ടെന്നു മുഷറഫ് അറിയിച്ചതിൽ ഉൾപ്പെട്ട പാക്കിസ്ഥാൻ അവാമി തെഹ്‌രികെയും എംഡബ്ല്യുഎം പാർട്ടിയും തങ്ങളില്ലെന്നു വ്യക്തമാക്കി. കൂടാതെ, സുന്നി ഇത്തേഹാദ് കൗൺസിൽ അധ്യക്ഷൻ സാഹിബ്സദ ഹമിദ് റാസ തന്റെ പാർട്ടി രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ വേണ്ടിയല്ല പിഎഐ മുന്നണിയിൽ ചേർന്നതെന്നും വിശദീകരിച്ചു.

ഇന്ത്യയിൽനിന്നു കുടിയേറിയവർ(മുഹാജിർ) എല്ലാം ഒന്നിക്കണമെന്ന കാഴ്ചപ്പാടോടെയാണു മുഷറഫ് വിശാലമുന്നണിക്കു രൂപം നൽകിയത്. ഭീകരസംഘടനയായ ലഷ്കറെ തയിബയെയും സംഘടനയുടെ സ്ഥാപകനായ ഹാഫിസ് സയീദിനെയും നേരത്തേ മുഷറഫ് ശക്തമായി പിന്തുണച്ചിരുന്നു.

കശ്മീരിൽ ഇന്ത്യൻ സൈന്യത്തെ ഒതുക്കിനിർത്തുന്നതിൽ ലഷ്കറെ തയിബയ്ക്കു വലിയ പങ്കുണ്ടെന്നും താൻ ഏറ്റവും വലിയ ലഷ്കർ അനുകൂലിയാണെന്നും ദുബായിൽ മുഷറഫ് ടിവി അഭിമുഖത്തിൽ പറഞ്ഞു.