Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവാക്രമണമുണ്ടായാൽ എങ്ങനെ രക്ഷപ്പെടാം?; ചൈനീസ് പത്രത്തിൽ മുഴുപേജ് ലേഖനം

Demonstration against nuclear weapons

സോൾ ∙ യുഎസ്–ദക്ഷിണ കൊറിയ സൈനികാഭ്യാസം തുടരുന്നതിനിടെ, ആണവാക്രമണമുണ്ടായാൽ ജനങ്ങൾ സ്വീകരിക്കേണ്ട രക്ഷാനടപടികൾ വിശദീകരിച്ചു ചൈനീസ് ദിനപത്രം. ഉത്തരകൊറിയൻ അതിർത്തിയോടു ചേർന്ന വടക്കുകിഴക്കൻ ചൈനീസ് നഗരമായ ജിലിനിൽ വായനക്കാർക്കാണു സർക്കാർ പത്രം മുഴുവൻപേജ് ലേഖനം നൽകിയത്.

ഇതിനിടെ, യുഎൻ അണ്ടർ സെക്രട്ടറി ജനറൽ ജെഫ്രി ഫെൽറ്റ്മാൻ ഉത്തരകൊറിയ സന്ദർശിച്ചു ചർച്ച നടത്തി. യുഎസ്–ദക്ഷിണ കൊറിയ വ്യോമാഭ്യാസം നാളെ വരെ നീളും. ഇതിനിടെ ഇന്നലെ യുഎസിന്റെ ബി–1ബി ബോംബർ വിമാനം കൂടി സൈനികാഭ്യാസത്തിന്റെ ഭാഗമായി എത്തിയത് ഉത്കണ്ഠ ഉണർത്തി.

മുന്നറിയിപ്പില്ലാതെ ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ ഈ മേഖലയിലെ വിമാന സർവീസുകൾക്കും ഭീഷണിയായതായി റിപ്പോർട്ടുണ്ട്. ഉത്തരകൊറിയയുടെ ഒരു ബാലിസ്റ്റിക് മിസൈൽ പാഞ്ഞുപോകുന്നതു ദക്ഷിണകൊറിയൻ വിമാനങ്ങളുടെ പൈലറ്റുകൾ കണ്ടതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ അയച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ 950 കിലോമീറ്റർ സഞ്ചരിച്ചു കിഴക്കൻ സമുദ്രത്തിൽ പതിക്കുകയായിരുന്നു.

ദക്ഷിണകൊറിയ–യുഎസ് വ്യോമാഭ്യാസത്തിന്റെ ഭാഗമായി യുഎസ് ബോംബർ വിമാനം കൊറിയൻ മേഖലയ്ക്കു മീതെ പറന്നത് ഉത്തരകൊറിയയെ പ്രകോപിപ്പിക്കുമെന്നാണു ചൈനയുടെ നിലപാട്. അണ്വായുധങ്ങളുടെ ശേഖരം കയ്യിലുള്ള ഉത്തരകൊറിയ അതു പ്രയോഗിക്കാനും മടിക്കുകയില്ലെന്നു ചൈന ചൂണ്ടിക്കാട്ടുന്നു.

related stories