Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ് ബാങ്കിലേക്ക് കൂടുതൽ ഇസ്രയേൽ സൈനികർ; പ്രക്ഷോഭത്തിന് ഹമാസ്

TOPSHOT-TURKEY-ISRAEL-PALESTINIANS-US-CONFLICT-DEMO ‌ലോകം കേൾക്കട്ടെ: ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമാക്കി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിനെതിരെ തുർക്കിയിലെ ഇസ്താംബൂളിൽ പലസ്തീൻ പതാകകളുമായി നടന്ന പ്രകടനം. ചിത്രം: എഎഫ്പി

ജറുസലം/ ന്യൂഡൽഹി ∙ ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് നടപടിക്കെതിരെ അറബ് ലോകത്ത് അമർഷം പടരുന്നതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് ഇസ്രയേൽ കൂടുതൽ സൈനികരെ അയച്ചു. യുഎസ് നയംമാറ്റം ചർച്ചചെയ്യാൻ ഐക്യരാഷ്ട്ര സംഘടന(യുഎൻ)യുടെ രക്ഷാസമിതി ഇന്ന് അടിയന്തര യോഗം ചേരും. 

ഗാസയിൽ യുഎസ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നു. സമാധാന ശ്രമങ്ങളെല്ലാം ഉപേക്ഷിക്കാനും ഇസ്രയേലിനെതിരെ പുതിയ ജനകീയ പ്രക്ഷോഭമാരംഭിക്കാനും (രണ്ടാം ഇൻതിഫാദ) ഇന്നു ക്രോധത്തിന്റെ ദിനമായി ആചരിക്കാനും പലസ്തീൻ പ്രസ്ഥാനമായ ഹമാസ് ആഹ്വാനം ചെയ്തു. സമാധാനപരമായ പ്രതിഷേധങ്ങൾ തുടരാൻ പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും അഭ്യർഥിച്ചു.

അതേസമയം, പലസ്തീൻ പ്രശ്നത്തിൽ സ്വതന്ത്രവും സുസ്ഥിരവുമായ നിലപാടാണ് ഇന്ത്യയുടേതെന്നു വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തെ അപലപിക്കാൻ ഇന്ത്യ തയാറായില്ല. കിഴക്കൻ ജറുസലം സ്വതന്ത്ര പലസ്തീന്റെ തലസ്ഥാനമാക്കണമെന്നു മുൻപു പലപ്പോഴും ഇന്ത്യ നിർദേശിച്ചതാണ്. ഇന്ത്യയുടെ നിലപാട് മറ്റാരുടെയെങ്കിലും നിലപാടിനെ ആശ്രയിച്ചുള്ളതല്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. 

ദശകങ്ങളായുള്ള യുഎസ് നയത്തെ പൊളിച്ചെഴുതിയാണു ബുധനാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചത്. യുഎസ് എംബസി ടെൽ അവീവിൽനിന്നു ജറുസലമിലേക്കു മാറ്റുന്ന നടപടി ഉടൻ ആരംഭിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ പ്രസ്താവിച്ചു. 

യുഎസിന്റെ തീരുമാനം ചരിത്രപരമായ നാഴികക്കല്ല് എന്നു വിശേഷിപ്പിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുഎസ് മാതൃക കൂടുതൽ രാഷ്ട്രങ്ങൾ പിന്തുടരുമെന്നും അവകാശപ്പെട്ടു. എന്നാൽ യുഎസിന്റെ അടുത്ത സഖ്യകക്ഷികളായ ഫ്രാൻസും ബ്രിട്ടനും ട്രംപിന്റെ നീക്കത്തോടു വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. 

പലസ്തീൻ തലസ്ഥാനവും ജറുസലം ആക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇറാഖ് യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ജോർദാൻ തലസ്ഥാനമായ അമ്മാനിലും ഇസ്തംബുളിലെ യുഎസ് കോൺസുലേറ്റിനു മുന്നിലും പ്രതിഷേധപ്രകടനം നടന്നു.