Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേധാക്ഷയത്തിനു കാരണം തലച്ചോറിൽ അടിഞ്ഞു കൂടുന്ന യൂറിയ

ലണ്ടൻ∙ തലച്ചോറിൽ യൂറിയ അടിഞ്ഞുകൂടുന്നതാണു മേധാക്ഷയത്തിനു കാരണമെന്നു ബ്രിട്ടനിലെ മാഞ്ചസ്റ്റർ സർവകലാശാല പ്രഫസർ ഗാർത്ത് കൂപ്പർ കണ്ടെത്തി. പ്രായമായവർക്ക് ഓർമ നഷ്ടപ്പെടുന്ന രോഗത്തിനു പരിഹാരം കാണാൻ ഈ കണ്ടെത്തൽ ഏറെ പ്രയോജനപ്പെടും. പ്രായമാകുന്നവർക്കുണ്ടാകുന്ന അസുഖങ്ങൾക്കു ടൈപ്പ് 2 പ്രമേഹവുമായുള്ള ബന്ധത്തെക്കുറിച്ചു മുൻപ് പ്രഫസർ ഗാർത്ത് കൂപ്പർ നടത്തിയ പഠനത്തിന്റെ തുടർച്ചയായി നടത്തിയ ഗവേഷണമാണു മേധാക്ഷയത്തിന്റെ കാരണം കണ്ടെത്താൻ ഇടയാക്കിയത്.

തലച്ചോറിൽ അടിഞ്ഞുകൂടുന്ന യൂറിയയുടെ ഉത്ഭവം, ഭക്ഷണശീലവും ഇതുമായുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചു കൂടുതൽ ഗവേഷണം ആവശ്യമാണെന്നു കൂപ്പർ പറഞ്ഞു. പഠനത്തിന്റെ വിശദാംശങ്ങൾ ശാസ്ത്ര ജേണലുകളിൽ പ്രസിദ്ധപ്പെടുത്തി.