Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെക്കുറിച്ച് വനിതാ അംഗങ്ങൾ: വഷളൻ!

Donald Trump

വാഷിങ്ടൻ ∙ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലൈംഗിക ദുർനടപടികൾ സഭാസമിതി അന്വേഷിക്കണമെന്നു യുഎസ് കോൺഗ്രസിലെ 54 വനിതാ അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വൈറ്റ്ഹൗസ് തള്ളിക്കളഞ്ഞു. ഇതിനിടെ, ട്രംപിനെതിരെ മുൻപ് ആരോപണം ഉന്നയിച്ച മൂന്നു വനിതകൾ ഇന്നലെ വാർത്താസമ്മേളനത്തിൽ വീണ്ടും പരാതി ഉന്നയിച്ചു.

ഭരണപരിഷ്കാരം സംബന്ധിച്ച സഭാസമിതി അധ്യക്ഷനു ഡെമോക്രാറ്റിക് പാർട്ടിയിൽ പെട്ട 54 അംഗങ്ങൾ ഒപ്പിട്ടു നൽകിയ കത്തിൽ, വിവിധ മേഖലകളിൽ പീഡനത്തിനിരയായ വനിതകൾ അക്കാര്യം തുറന്നുപറഞ്ഞുകൊണ്ടു കൂടുതലായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ ഏതാനും അംഗങ്ങൾ തന്നെ ഇതേവിഷയത്തിൽ ഇതിനകം രാജിവച്ചുകഴിഞ്ഞു. ട്രംപിനെതിരായ ആരോപണങ്ങൾ അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു. ട്രംപ് ഉൾപ്പെടെ അനേകം ആളുകൾക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ടെന്നും പരാതിക്കാരായ സ്ത്രീകൾ ഉയർത്തുന്ന ആക്ഷേപങ്ങൾ അധികാരികൾ കേൾക്കണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും യുഎന്നിലെ യുഎസ് അംബാസഡർ നിക്കി ഹേലി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തന്നെ 16 സ്ത്രീകൾ ട്രംപിനെതിരെ പരാതിയുമായി മുന്നോട്ടു വന്നിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഉയർന്ന ആരോപണങ്ങളിൽ അമേരിക്കൻ ജനത മറുപടി നൽകിക്കഴിഞ്ഞതാണെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം. പ്രസിഡന്റാകുന്നതിനു വളരെ മുൻപുണ്ടായ സംഭവങ്ങളാണ് അവയെന്നും ട്രംപ് അവ നിഷേധിച്ചിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകൾ പീഡനകഥകൾ തുറന്നുപറഞ്ഞു രംഗത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിലാണ് മുൻപ് ഉന്നയിച്ച പരാതി വീണ്ടും ഉന്നയിക്കുന്നതെന്ന്, ട്രംപിനെതിരെ നേരത്തെ ആക്ഷേപമുന്നയിച്ച സാമന്ത് ഹോൾവി, റേച്ചൽ ക്രൂക്ക്സ്, ജെസിക്ക ലീഡ്സ് എന്നിവർ മാധ്യമസമ്മേളനത്തിൽ പറഞ്ഞു.