Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലബാമയിൽ ഡെമോക്രാറ്റ് വിജയം; ട്രംപിനു കനത്ത തിരിച്ചടി

trump-jones ഡോണൾഡ് ട്രംപ്, ഡഗ് ജോൺസ്

വാഷിങ്ടൻ∙ റിപ്പബ്ലിക്കൻ കോട്ടയായ അലബാമ പിടിച്ചെടുത്ത് ഡെമോക്രാറ്റ് പാർട്ടിക്കു ചരിത്രവിജയം. ഡെമോക്രാറ്റ് പാർട്ടിയുടെ ഡഗ് ജോൺസ് യുഎസ് സെനറ്റിലേക്ക്. 25 വർഷം ഭദ്രമായി കാത്തുസൂക്ഷിച്ച അലബാമയിലെ സീറ്റു കൈവിട്ടുപോയത് റിപ്പബ്ലിക്കൻ പാർട്ടിക്കും യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിനും കനത്ത തിരിച്ചടിയായി.

ഇഞ്ചോടിഞ്ചുപോരാട്ടത്തിൽ, 49.92 % വോട്ടുകൾ ജോൺസിനു ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ എതിരാളി റോയ് മൂറിന് 48.38% വോട്ടുകൾ. അലബാമയിലെ വോട്ടർമാർക്കു നന്ദി പറ‍ഞ്ഞ് ഡഗ് ജോൺസ് (63) വിജയം ആഘോഷിച്ചപ്പോൾ, പരാജയം സമ്മതിക്കാൻ മനസ്സില്ലാതെ എതിർവാദങ്ങളുമായി റോയ് മൂർ (70) രംഗത്തെത്തി. പക്ഷേ, അരശതമാനത്തിനുമേൽ ഭൂരിപക്ഷമുള്ളതിനാൽ വീണ്ടും വോട്ടെണ്ണൽ നടത്തേണ്ട ആവശ്യമില്ല. ജോൺസിന്റെ വിജയം രാജ്യത്തിനു വിലപ്പെട്ടതാണെന്ന് കോൺഗ്രസ് അംഗം പ്രമീള ജയ്പാൽ പറഞ്ഞു.

ജോ‌ൺസിനെ ട്രംപ് ട്വിറ്ററിൽ അഭിനന്ദിച്ചു.

∙ സെനറ്റിൽ ശക്തി ക്ഷയിച്ച് റിപ്പബ്ലിക്കൻ പാർട്ടി 1992നു ശേഷം അലബാമയിൽനിന്നു സെനറ്റിലെത്തുന്ന ആദ്യ ഡെമോക്രാറ്റുകാരനായ ഡഗ് ജോൺസ് അടുത്ത വർഷം സ്ഥാനമേൽക്കും. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷത്തിലേക്ക് ഒതുങ്ങി. അടുത്ത വർഷം കോൺഗ്രസിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടിക്ക് ഇതോടെ സാധ്യതയായി.

∙ ലൈംഗികാപവാദത്തിൽ മുങ്ങിയ തിരഞ്ഞെടുപ്പ്

റിപ്പബ്ലിക്കൻ സ്ഥാനാർഥി റോയ് മൂർ വർഷങ്ങൾക്കു മുൻപു കൗമാരക്കാരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം അലബാമ തിരഞ്ഞെടുപ്പു പശ്ചാത്തലത്തിൽ ദേശീയ ശ്രദ്ധ നേടിയിരുന്നു. ലൈംഗികാരോപണത്തിൽപ്പെട്ടപ്പോഴും മൂറിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് ഒപ്പം നിന്നു. റിപ്പബ്ലിക്കൻ നേതാക്കൾ പലരും അകലം പാലിക്കാൻ ശ്രദ്ധിച്ചപ്പോഴാണ് മൂർ അനുകൂല ട്വീറ്റുകളും പ്രസ്താവനകളുമായി ട്രംപ് കളം നിറഞ്ഞുനിന്നത്.