Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപാധിയില്ല; ഉത്തര കൊറിയയുമായി ചർച്ചയ്ക്കു തയാറെന്ന് അമേരിക്ക

trump-kim

വാഷിങ്ടൻ∙ ഉപാധിയില്ലാതെ ഉത്തര കൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. ചർച്ചയിൽ ആണവ നിരായുധീകരണമാകണം മുഖ്യവിഷയമെന്ന മുൻപ്രസ്താവനയിൽ നിന്ന് അമേരിക്ക പിന്നോട്ടു പോയതു സമാധാനസന്ദേശമായി.

യുദ്ധം ഒഴിവാക്കുന്നതു പ്രധാന കാര്യമാണെന്ന് ഉത്തര കൊറിയയും സമ്മതിച്ചതായി അവരുടെ തലസ്ഥാനമായ പ്യോങ്യാങ്ങിൽ ചർച്ചയ്ക്കെത്തിയ യുഎൻ രാഷ്ട്രീയകാര്യ മേധാവി ജഫ്രി ഫെൽറ്റ്മാൻ വ്യക്തമാക്കി. എന്നാൽ ചർച്ചകളെക്കുറിച്ചു വ്യക്തത ആയിട്ടില്ല. അതേസമയം ഉത്തരകൊറിയ, ലോകത്തിനു ഭീഷണിയാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ മാറ്റമില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

ടില്ലേഴ്സൺ വെറുതെ സമയം കളയുകയാണെന്നു ട്രംപ് നേരത്തേ പറ‍ഞ്ഞിരുന്നു. സംഘർഷത്തിന് അയവുവരുത്താനുള്ള ഏതു ശ്രമവും സ്വാഗതാർഹമാണെന്നു ചൈന അറിയിച്ചു. റഷ്യയും അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്തു. റഷ്യൻ പ്രതിരോധ പ്രതിനിധി സംഘം ഇപ്പോൾ ഉത്തരകൊറിയയിലുണ്ട്. കൂടുതൽ ഉപരോധങ്ങളിലൂടെ ഉത്തര കൊറിയയുടെ ആണവ പരിശ്രമങ്ങളെ അട്ടിമറിക്കണമെന്നാണ്, അവരുടെ ഭീഷണിനിഴലിൽ കഴിയുന്ന ജപ്പാന്റെ അഭിപ്രായം. ദക്ഷിണ കൊറിയയാകട്ടെ, അമേരിക്കൻ സേനയുമൊത്തുള്ള വ്യോമപരിശീലനം തുടരുകയാണ്.

കരുത്തുറ്റ ആണവശക്തിയാകും: ഉത്തര കൊറിയ

പ്യോങ്യാങ്∙ ലോകത്തിലെ ഏറ്റവും കരുത്തുറ്റ ആണവശക്തിയായി രാജ്യത്തെ മാറ്റുമെന്ന് ഉത്തര കൊറിയയുടെ രാഷ്ട്രത്തലവൻ കിം ജോങ് ഉൻ. രണ്ടാഴ്ച മുൻപാണ് അവർ അമേരിക്കയെ ലക്ഷ്യമിടുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. വിജയത്തിൽ പങ്കാളിയായ ശാസ്ത്രജ്ഞർക്കു മെഡലുകൾ നൽകുകയായിരുന്നു ഉൻ. ഉപാധിരഹിത ചർച്ചയ്ക്ക് അമേരിക്ക സന്നദ്ധത അറിയിച്ചതിനു മുൻപായിരുന്നു പ്രസ്താവന. കിം ജോങ്ങിന്റെ ഭരണം തകർന്നാൽ, അവരുടെ അണ്വായുധങ്ങൾ സുരക്ഷിതമാക്കുന്ന കാര്യത്തിൽ ചൈനയുമായി ചർച്ച നടത്തിയതായി ടില്ലേഴ്സൺ വെളിപ്പെടുത്തി.