Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓപ്ര വിൻഫ്രിയോട് ആരാധകർ: പ്രസിഡന്റാകൂ

opra-winfrey

ലൊസാഞ്ചൽസ്∙ ‘പെൺകുട്ടികളേ, നിങ്ങൾക്കായി ഒരു പുതിയ ദിവസം ചക്രവാളത്തിൽ കാത്തിരിപ്പുണ്ട്’ – സമഗ്ര സംഭാവനയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വീകരിച്ച് ഓപ്ര വി‍ൻഫ്രി പറഞ്ഞ വാക്കുകൾക്ക് എന്തൊരു കരുത്തായിരുന്നു. പ്രചോദനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊർ‌ജപ്രവാഹമായി മാറിയ കിടിലൻ പ്രസംഗം കരഘോഷത്തോടെ സ്വീകരിച്ച ആരാധകർ കൂട്ടത്തോടെ ട്വിറ്ററിലിറങ്ങി ചോദിച്ചു: വിൻഫ്രി, താങ്കൾക്കു യുഎസ് പ്രസിഡന്റായിക്കൂടേ? #Oprahforpresident, #Oprah2020 എന്നീ ഹാഷ്ടാഗുകളിൽ ട്വീറ്റുകളുടെ പ്രളയമാണിപ്പോൾ.

Read More: വീട്ടുജോലിക്കാരിയിൽ നിന്നു കോടീശ്വരിയിലേക്ക്..

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയായി ചരിത്രത്തിൽ ഇടമുറപ്പിച്ച വിൻഫ്രി, യുഎസിന്റെ ആദ്യ പ്രസിഡന്റായും ചരിത്രം സൃഷ്ടിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. 2020 നവംബറിലെ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പി‍ൽ മൽസരിക്കുന്നതിനെപ്പറ്റി അവർ ഗൗരവത്തോടെ ആലോചിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോളിവുഡിലെ ലൈംഗികചൂഷണത്തിനെതിരെ ‘ടൈംസ് ഇസ് അപ്’ പ്രതിഷേധക്കൂട്ടായ്മയുടെ പക്ഷം പിടിച്ചായിരുന്നു നടിയും അവതാരകയും ഓൺ ചാനൽ സിഇഒയുമായ വിൻഫ്രിയുടെ ഗോൾഡൻ ഗ്ലോബ് പ്രസംഗം.

ട്രംപ് എപ്പൊഴേ റെഡി!

വിൻഫ്രിയുടെ രാഷ്ട്രീയച്ചായ്‌വ് ഡമോക്രാറ്റിക് പാർട്ടിയോടാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായാൽ മറുപക്ഷത്തു റിപ്പബ്ലിക്കൻ എതിരാളി ഇപ്പോഴത്തെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ആയിരിക്കും. ടിവി താരം വിൻഫ്രിയുടെ എതിരാളിയാകാൻ മുൻ റിയാലിറ്റി താരം കൂടിയായ ട്രംപിനു സന്തോഷമേയുള്ളൂവെന്ന് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.