Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേനസീർ വധം: ഉത്തരവാദിത്തമേറ്റ് പാക്ക് താലിബാൻ

PAKISTAN-UNREST-BHUTTO

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധിക്കപ്പെട്ടു പത്താം വർഷം, വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാക്ക് താലിബാൻ. വീണ്ടും അധികാരത്തിലെത്തിയാൽ യുഎസുമായി ചേർന്ന് ഇസ്‌ലാമിക പോരാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ബേനസീർ ആലോചിച്ചതാണു കൊലപാതകത്തിനു കാരണമെന്നു തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) നേതാവ് എഴുതിയ പുസ്തകം അവകാശപ്പെടുന്നു.

ബേനസീർ വധത്തിനു പിന്നിൽ പാക്ക് താലിബാനാണെന്ന ആരോപണം സംഘടനയുടെ സ്ഥാപകൻ ബെയ്ത്തുല്ല മെഹ്സൂദ് നേരത്തേ നിഷേധിച്ചിരുന്നു.

2007 ഡിസംബർ 27നു റാവൽപിണ്ടിയിലെ തിരഞ്ഞെടുപ്പു റാലിയിലുണ്ടായ ചാവേർ ആക്രമണത്തിലാണു ബേനസീർ കൊല്ലപ്പടുന്നത്. വധത്തെക്കുറിച്ചു ബെയ്ത്തുല്ല മെഹ്സൂദിന് അറിവുണ്ടായിരുന്നുവെന്നും അബു മൻസൂർ അസിം മുഫ്തി നൂർ വാലി ഉറുദുവിൽ എഴുതിയ പുസ്തകത്തിൽ പറയുന്നു.

ചാവേർ ബോംബർ ബിലാൽ എന്ന സയീദ്, ഇക്രാമുല്ല എന്നിവരെയാണു ദൗത്യം ഏൽപിച്ചത്. ജനക്കൂട്ടത്തിനിടെ നിന്നാണു ബിലാൽ വെടിവച്ചത്. ആദ്യ വെടിതന്നെ ബേനസീറിന്റെ കഴുത്തിൽ കൊണ്ടു. സ്ഫോടകവസ്തു നിറച്ച ജാക്കറ്റ് അണിഞ്ഞിരുന്ന ബിലാൽ തൊട്ടടുത്ത നിമിഷം സ്വയം പൊട്ടിത്തെറിച്ചു. കൂട്ടാളിയായ ഇക്രാമുല്ല സംഭവത്തിനു ശേഷം രക്ഷപ്പെട്ടുവെന്നും ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും പുസ്തകം അവകാശപ്പെടുന്നു.

തിരഞ്ഞെടുപ്പു റാലിക്കു നേരെ നടന്ന ആക്രമണത്തിനു രണ്ടുമാസം മുൻപും ബേനസീറിനു നേരെ വധശ്രമം നടന്നിരുന്നു. കറാച്ചിയിൽ നടത്തിയ പ്രകടനത്തിനിടെ ചാവേർ പൊട്ടിത്തെറിച്ചു 140 പേർ കൊല്ലപ്പെട്ടെങ്കിലും ബേനസീർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കറാച്ചി ആക്രമണവും മെഹ്സൂദിന്റെ അനുമതിയോടെ നടത്തിയതാണെന്നും കറാച്ചി ആക്രമണത്തിനു ശേഷം ബേനസീറിന്റെ സുരക്ഷ സർക്കാർ വർധിപ്പിക്കാഞ്ഞത് അക്രമികൾക്കു മുൻ പ്രധാനമന്ത്രിയുടെ സമീപത്തെത്താൻ സഹായമായെന്നും പുസ്തകം പറയുന്നു.

2009ൽ ദക്ഷിണ വസീറിസ്ഥാനിൽ യുഎസ് പൈലറ്റില്ലാ വിമാനം നടത്തിയ മിസൈൽ ആക്രമണത്തിൽ മെഹ്സൂദ് കൊല്ലപ്പെട്ടിരുന്നു. ദുബായിൽ കഴിയുന്ന പാക്ക് മുൻ പ്രസിഡന്റും പട്ടാളമേധാവിയുമായ പർവേസ് മുഷറഫിനെ ബേനസീർ വധക്കേസിൽ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞ വർഷം ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചിരുന്നു.

ബേനസീർ കൊല്ലപ്പെട്ടതിനു പിന്നാലെ അറസ്റ്റ് ചെയ്ത അഞ്ചു ടിടിപി ഭീകരരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. ബേനസീറിനു മതിയായ സുരക്ഷ ഒരുക്കാത്ത കുറ്റത്തിനു രണ്ടു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു 17 വർഷം ജയിൽശിക്ഷ വിധിച്ചെങ്കിലും പിന്നീടു ജാമ്യം അനുവദിച്ചു.