Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ പാടും സമാധാനഗാനം!

korea

സോൾ ∙ പരസ്പരം കടിച്ചുകീറാൻ നിൽക്കുകയായിരുന്നു ആഴ്ചകൾ മുൻപുവരെ. ഇപ്പോൾ പക്ഷേ, കാര്യങ്ങൾക്ക് അയവു വന്നുവെന്നു മാത്രമല്ല, ഒരുമിച്ചു പാട്ടുപാടാൻ പോലുമാണു തീരുമാനം! 

പറഞ്ഞുവരുന്നത് ഉത്തര–ദക്ഷിണ കൊറിയകളെക്കുറിച്ചാണ്. ദക്ഷിണ കൊറിയയിൽ അടുത്തമാസം നടക്കുന്ന ശീതകാല ഒളിംപിക്സിൽ ഉത്തരകൊറിയയിൽനിന്നുള്ള 140 അംഗ ഓർക്കസ്ട്ര ഗാനാലാപനം നടത്തും. ഗെയിംസ് നടക്കുന്ന പ്യൂങ്ചോങ്ങിനു പുറമെ ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലും ഓർക്കസ്ട്ര അവതരിപ്പിക്കും. രണ്ടു കൊറിയകളുടെയും അതിർത്തിയിലെ ‘സമാധാന ഗ്രാമ’മായ പാൻമുൻജങ്ങിൽ നടന്ന ചർച്ചയിലാണ് ഓർക്കസ്ട്രയുടെ കാര്യത്തിൽ തീരുമാനമായത്.  

ഓർക്കസ്ട്ര ട്രൂപ്പ് കാൽനടയായി അതിർത്തി കടന്നു ദക്ഷിണകൊറിയയിലെത്താനാണ് സാധ്യത. കായികതാരങ്ങൾക്കും ഓർക്കസ്ട്രയ്ക്കും പുറമെ മറ്റു കലാകാരന്മാരെയും ഉത്തരകൊറിയ ഒളിംപിക്സിന് അയയ്ക്കും. ബുധനാഴ്ച ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടക്കും. 

ആണവ, മിസൈൽ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്ന ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെയും യുഎസ് അടക്കം ലോകരാജ്യങ്ങളുടെയും വിലക്കുകൾ നിലനിൽക്കുന്നതിനിടെയാണ് കൊറിയയിൽ ചെറിയതോതിലെങ്കിലും സമാധാനാന്തരീക്ഷം രൂപപ്പെട്ടത്. 

കൊറിയയ്ക്കു ചുറ്റും സൈനികസാന്നിധ്യം കൂട്ടി യുഎസ്

ടോക്കിയോ∙ കൊറിയൻ ദ്വീപിനു ചുറ്റും യുഎസ് സൈനികസാന്നിധ്യം വർധിപ്പിച്ചു. കൂടുതൽ യുഎസ് യുദ്ധക്കപ്പലുകൾ മേഖലയിലെത്തി. ശീതകാല ഒളിംപിക്സിൽ ഉത്തരകൊറിയ പങ്കെടുക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ യുഎസും ദക്ഷിണകൊറിയയും സംയുക്തമായി മേഖലയിൽ നടത്താനിരുന്ന നാവികാഭ്യാസം മാറ്റിവയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. കൊറിയകൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനെയും ചർച്ചകളുമായി മുന്നോട്ടു പോകുന്നതിനെയും യുഎസ് സ്വാഗതം ചെയ്തിരുന്നു. 

അതിനുശേഷം സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിലൂടെ യുഎസ് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കാനാണു നീക്കമെന്നാണ് യുഎസ് വ്യാഖ്യാനം.

തീരാത്ത ‘യുദ്ധം’

ഉത്തരകൊറിയയും ദക്ഷിണകൊറിയയും സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്. വലിയ നാശവും മരണവും ഉണ്ടാക്കിയ 1950 – 53 ലെ കൊറിയൻ യുദ്ധത്തിനൊടുവിൽ ഐക്യരാഷ്ട്രയ സംഘടനയും ഉത്തരകൊറിയ – ചൈന സഖ്യവും തമ്മിലാണ് താൽക്കാലിക യുദ്ധവിരാമ കരാറുണ്ടാക്കിയത്. ഈ കരാറിൽ ദക്ഷിണ കൊറിയ കക്ഷിയല്ലായിരുന്നു. യുദ്ധം നിർത്തൽ ധാരണ ഏറ്റുമുട്ടലിനു മാത്രമാണു വിരാമമിട്ടത്; യുദ്ധാവസ്ഥ അവസാനിപ്പിക്കാനുള്ള ചർച്ച കൊറിയയിൽ നടന്നില്ല. ഉത്തര കൊറിയയുടെ ആക്രമണത്തിൽനിന്നു സംരക്ഷിച്ചുകൊള്ളാമെന്നു യുഎസ് ദക്ഷിണ കൊറിയയുമായി കരാർ ഒപ്പിട്ടുണ്ട്.