Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ അഭയാർഥികൾ രണ്ടു വർഷത്തിനകം മ്യാൻമറിലേക്ക്

യാങ്കൂൺ ∙ മ്യാൻമറിൽനിന്നു 2016 ഒക്ടോബറിനുശേഷം ബംഗ്ലദേശിൽ എത്തിയ രോഹിൻഗ്യ അഭയാർഥികളെ രണ്ടുവർഷത്തിനുള്ളിൽ മടക്കിയയയ്ക്കാൻ ധാരണയായി. ഏഴരലക്ഷത്തോളം വരുന്ന അഭയാർ‌ഥികളെ ഈ മാസം 23 മുതൽ തിരിച്ചയയ്ക്കാനും അവരെ മ്യാൻമറിൽ പുനരധിവസിപ്പിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. എന്നാൽ 2016 ഒക്ടോബറിനു മുൻപെത്തിയ രണ്ടുലക്ഷത്തോളം പേരുടെ കാര്യത്തിൽ തീരുമാനമായില്ല. മടക്കിയയയ്ക്കുന്ന അഭയാർഥികളുടെ വിവരങ്ങൾ അറിയിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിട്ടുണ്ട്.

2016 ഒക്ടോബറിനുശേഷം മ്യാൻമറിൽ രോഹിൻഗ്യ മുസ്‌ലിംകൾക്കു രണ്ടുവട്ടം വൻതോതിൽ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഇതെ തുടർന്നാണ് അഭയാർഥിപ്രവാഹമുണ്ടായത്. ഇവരെ തിരികെ സ്വീകരിക്കാൻ മ്യാൻമറിനുമേൽ രാജ്യാന്തര സമ്മർദം ഉണ്ടായിരുന്നു. ഇപ്പോഴത്തെ കരാറനുസരിച്ച് അതിർത്തിയിൽ ബംഗ്ലദേശ് അഞ്ചു താൽക്കാലിക ക്യാംപുകൾ നിർമിച്ചു വിവിധ ഭാഗങ്ങളിൽനിന്നു രോഹിൻഗ്യ അഭയാർഥികളെ എത്തിക്കും. തുടർന്ന് പല സംഘങ്ങളായി അവരെ അതിർത്തിയിൽ മ്യാൻമർ‌ സജ്ജീകരിക്കുന്ന രണ്ടു കേന്ദ്രങ്ങളിലേക്കു മാറ്റും. ഇവിടെനിന്നു റാഖൈൻ പ്രവിശ്യയിലെ മൗങ്ഡോ ജില്ലയിൽ താൽക്കാലികമായി പുനരധിവസിപ്പിക്കും. പിന്നീട് അവരുടെ ആദ്യ വാസസ്ഥലങ്ങളിൽ സ്ഥിരമായി പാർപ്പിക്കും.