Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന് ഒന്നാം വാർഷിക ‘അടി’

Trump

വാഷിങ്ടൺ ∙ യുഎസ് പ്രസിഡന്റ് സ്ഥാനത്തു ഡോണൾഡ് ട്രംപ് ഒരു വർഷം പൂർത്തിയാക്കിയ ദിവസമാണു യുഎസിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ‘ഷട്ട്ഡൗൺ’ എന്നത് കൗതുകകരമായ യാദൃശ്ചികതയായി. വൈറ്റ് ഹൗസിലെ 1700 ജീവനക്കാർ ഉൾപ്പെടെ എട്ടുലക്ഷം സർക്കാർ ജീവനക്കാർക്കു ശമ്പളം മുടങ്ങും; അവർ താൽക്കാലിക അവധി എടുക്കേണ്ടി വരും. എന്നാൽ, സൈന്യം, അതിർത്തിസേന, അഗ്നിശമനസേന, തപാൽ തുടങ്ങി അടിയന്തര സർവീസുകൾ പ്രവർത്തിക്കും.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇരുസഭകളിലും ഭൂരിപക്ഷമെങ്കിലും സെനറ്റിൽ അഞ്ചു റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ വോട്ടു ചെയ്തു. നാലുപേർ തിരിച്ചും. ബിൽ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. കുട്ടികളായിരിക്കുമ്പോൾ അനധികൃതമായി കുടിയേറിയ ഏഴു ലക്ഷത്തോളം പേർക്കു നൽകിവന്നിരുന്ന താൽക്കാലിക നിയമസാധുത റദ്ദാക്കിയ ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ചാണു സെനറ്റ് ബിൽ തള്ളിയത്.

സംഭവത്തെ തുടർന്നു ഫ്ലോറിഡയിൽ വാരാന്ത്യം ആഘോഷിക്കാനുള്ള യാത്ര ട്രംപ് റദ്ദാക്കി. എന്നാൽ അടുത്തയാഴ്ച ദാവോസിൽ ആരംഭിക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്തേക്കും. നികുതി ഇളവുകളെ തുടർന്നുണ്ടായ വൻ സാമ്പത്തിക മുന്നേറ്റത്തിന്റെ വിജയം ഇല്ലാതാക്കാനാണു ഡമോക്രാറ്റുകളുടെ ശ്രമമെന്നും രാജ്യസുരക്ഷയെക്കാൾ അവർക്കു വലുതാണു കുടിയേറ്റക്കാരെന്നും ട്രംപ് ആരോപിച്ചു.

സാമ്പത്തിക സ്തംഭനം ഒഴിവാക്കാൻ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറുമായി സെനറ്റ് യോഗത്തിനു മുൻപു ട്രംപ് ചർച്ചകൾ നടത്തിയെങ്കിലും ഷൂമർ വഴങ്ങിയില്ല. ചില വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെന്നും ചർച്ചകൾ തുടരുമെന്നുമായിരുന്നു ചർച്ചയ്ക്കുശേഷം ഷൂമറുടെ പ്രതികരണം.

ധനസ്തംഭനത്തെ ‘ഷൂമർ ഷട്ട്ഡൗൺ’ എന്നു വിശേഷിപ്പിച്ച ട്രംപ് ഭരണകൂടം ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധം പ്രതിസന്ധി തരണം ചെയ്യുമെന്ന് അറിയിച്ചു.സാമ്പത്തിക സ്തംഭനം അവസാനിക്കാതെ കുടിയേറ്റ വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ചയില്ലെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.

സാമ്പത്തിക സ്തംഭനം ആരംഭിച്ചതു വാരാന്ത്യത്തിലായതിനാൽ ശരിയായ ആഘാതം തിങ്കളാഴ്ച മാത്രമേ വ്യക്തമാകൂ. ഒരാഴ്ച നീണ്ടാൽ 650 കോടി ഡോളർ നഷ്ടമുണ്ടാകുമെന്നു കണക്കാക്കുന്നു.