Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാശില്ലാതെ യുഎസ് സർക്കാർ; ഇന്നു വീണ്ടും സെനറ്റ് ചേരും

US-Congress-Statue-of-L

വാഷിങ്ടൻ∙ ധനകാര്യ ബിൽ പാസാകാതെ വന്നതോടെ യുഎസ് ഫെഡറൽ സർക്കാരിന്റെ പ്രവർത്തനത്തിൽ സ്തംഭനാവസ്ഥ തുടരുന്നു. സർക്കാരിനു പണം കണ്ടെത്താനായി ഒരു താൽക്കാലിക ബിൽ ഇന്നു സെനറ്റിൽ അവതരിപ്പിക്കാനാണു റിപ്പബ്ലിക്കൻ പാർട്ടിയുടെ തീരുമാനം. പ്രശ്നപരിഹാരത്തിനു ഭരണ–പ്രതിപക്ഷ ചർച്ച തുടരുകയാണ്.

ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ചാണു പ്രതിപക്ഷമായ ഡമോക്രാറ്റിക് പാർട്ടി സെനറ്റിൽ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തത്. എന്നാൽ, ബിൽ പാസാക്കാതെ ഈ വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ചയില്ലെന്ന നിലപാടിലാണു റിപ്പബ്ലിക്കൻ പാർട്ടി. 

സർക്കാർ ജീവനക്കാരോടു വീട്ടിലിരിക്കാനാണു നിർദേശം. പുതിയ ഫണ്ട് ലഭിക്കും വരെ ശമ്പളമില്ലാതെ ജോലിയെടുക്കാൻ ചില വിഭാഗങ്ങളോടു നിർദേശിച്ചിട്ടുണ്ട്. സൈനിക വിഭാഗങ്ങളെ പ്രതിസന്ധി ബാധിക്കില്ല.

ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഇരു സഭകളിലും ഭൂരിപക്ഷം. എന്നാൽ, ധനകാര്യ ബിൽ പാസാകാൻ 60 അംഗങ്ങളുടെ പിന്തുണ വേണം. ശനിയാഴ്ച സെനറ്റിൽ അഞ്ചു റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെതിരെ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് വോട്ട് ചെയ്തു; ഡമോക്രാറ്റിക് പാർട്ടിയിലെ നാലുപേർ തിരിച്ചും. ബിൽ വ്യാഴാഴ്ച ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. ഏഴു ലക്ഷത്തോളം വരുന്ന അനധികൃത യുവ കുടിയേറ്റക്കാർക്കു നൽകി വന്നിരുന്ന താൽക്കാലിക നിയമസാധുത റദ്ദാക്കിയ ട്രംപിന്റെ നയത്തിൽ പ്രതിഷേധിച്ചാണു ഡമോക്രാറ്റുകളുടെ നടപടി. 

പ്രതിസന്ധി തുടരുകയാണെങ്കിൽ സെനറ്റ് നിയമങ്ങൾ മാറ്റിയശേഷം ബിൽ പാസാക്കാനാണു ട്രംപിന്റെ നിർദേശം. 51% പിന്തുണ മതി എന്ന നിയമസാധ്യത ഉപയോഗിക്കണം. ‘ഡമോക്രാറ്റുകൾക്കു വേണ്ടത് രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കാണ്–’ ട്രംപ് ട്വീറ്റ് ചെയ്തു.  

പണമില്ലാതെ ഇന്ത്യയിലെ യുഎസ് സെന്ററുകളും 

ചെന്നൈ∙ യുഎസ് സർക്കാരിന്റെ സാമ്പത്തിക സ്തംഭനം ഇന്ത്യയിലെ അമേരിക്കൻ സെന്ററുകളെയും ബാധിച്ചു. ഡൽഹി, കൊൽക്കത്ത, ചെന്നൈ ഉൾപ്പെടെയുള്ള അമേരിക്കൻ സെന്ററുകൾ അടച്ചു. എന്നാൽ, യുഎസ് കോൺസുലേറ്റിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നു അധികൃതർ അറിയിച്ചു. വീസ അഭിമുഖത്തിനോ യുഎസ് പൗരത്വവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കോ സമയം അനുവദിച്ചിട്ടുണ്ടെങ്കിൽ കൃത്യസമയത്തു കോൺസുലേറ്റിൽ ഹാജരാകണം. 

ഓഹരി വിപണിയെ ബാധിച്ചേക്കില്ല

മുംബൈ ∙ അമേരിക്കയിലെ ബജറ്റ് പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണിയെ ബാധിക്കില്ലെന്നാണു വിലയിരുത്തൽ. 2013ൽ ഇത്തരം സാഹചര്യമുണ്ടായപ്പോഴും വിപണിയെ ബാധിച്ചിരുന്നില്ല. പ്രശ്നം കടുക്കുംമുൻപ് ഒത്തുതീർപ്പുണ്ടാക്കുമെന്ന പ്രതീക്ഷയും വിപണിയിലുണ്ട്.