Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെർക്കലിന്റെ പുതിയ സർക്കാർ ഏപ്രിൽ ഒന്നിന്

ബർലിൻ∙ ജർമനിയിൽ അംഗല മെർക്കലിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഏപ്രിൽ ഒന്നിനു നിലവിൽ വന്നേക്കും. വിശാല മുന്നണി സർക്കാർ രൂപീകരിക്കാൻ സോഷ്യലിസ്റ്റ് ഡെമോക്രാറ്റ് പാർട്ടി (എസ്പിഡി) കഴിഞ്ഞ ദിവസം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചതോടെയാണു മെർക്കലിനു ചാൻസലർ പദവിയിൽ നാലാമൂഴം ഉറപ്പായത്.

ഇതേസമയം, മെർക്കലുമായി ഉണ്ടാക്കിയ ധാരണയുടെ വിശദാംശങ്ങൾ പുനഃപരിശോധിക്കുമെന്ന് എസ്പിഡി നേതാവ് മാർട്ടിൻ ഷുൾസ് അറിയിച്ചു. കുടിയേറ്റം, ജനങ്ങളുടെ ആരോഗ്യരക്ഷ തുടങ്ങിയ കാര്യങ്ങളിൽ എസ്പിഡിയുടെ നിലപാടുകൾ കൂടുതൽ വ്യക്തമാക്കി അതിനനുസരിച്ചു വിശാല മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിനു രൂപംനൽകാനുള്ള ചർച്ചകൾ ഉടനെ ആരംഭിക്കുമെന്നും ഷുൾസ് പറഞ്ഞു.

മെർക്കലിനെ പിന്തുണച്ചു വിശാല മുന്നണിയിൽ ചേരാൻ എസ്പിഡി കഴിഞ്ഞദിവസമാണു തീരുമാനിച്ചത്. മുന്നണി ഭരണത്തിന് അനുകൂലമായി 362 എസ്പിഡി പ്രതിനിധികൾ വോട്ടുചെയ്തപ്പോൾ 279 പേർ എതിർത്തു. ഒരാൾ വിട്ടുനിന്നു.

ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം ജർമനിയിൽ മാസങ്ങളായി രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയായിരുന്നു.