Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപിക്സ്: ഉത്തര കൊറിയൻ രാഷ്ട്രത്തലവൻ സോളിലേക്ക്

Kim-Yong-Nam കിം യോങ് നാം.

സോൾ∙ ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങിൽ ഒൻപതിന് ആരംഭിക്കുന്ന ശൈത്യകാല ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഉത്തര കൊറിയയുടെ ഔപചാരിക രാഷ്ട്രത്തലവൻ കിം യോങ് നാം പങ്കെടുക്കും. ‘രാജ്യത്തെ പരമാധികാര ജനപ്രതിനിധി സഭാധ്യക്ഷൻ’ യോങ് മൂന്നു ദിവസത്തെ സന്ദർശനത്തിനായി 22 അംഗ പ്രതിനിധി സംഘത്തോടൊപ്പം വെള്ളിയാഴ്ച എത്തുമെന്ന് ഉത്തര കൊറിയയുടെ വാർത്താ ഏജൻസി അറിയിച്ചു.

ഔപചാരിക പദവി മാത്രമേ ഉത്തര കൊറിയയിൽ യോങ്ങിനുള്ളൂ. സർവാധികാരിയായി രാജ്യം ഭരിക്കുന്നതു രാഷ്ട്ര സ്ഥാപകനായ കമ്യൂണിസ്റ്റ് നേതാവ് കിം ഇൽ സൂങ്ങിന്റെ ചെറുമകൻ കിം ജോങ് ഉൻ ആണ്. 1953ൽ കൊറിയൻ യുദ്ധം അവസാനിച്ചശേഷം സഹോദരരാജ്യത്തുനിന്ന് അതിർത്തി കടന്നു ദക്ഷിണ കൊറിയയിലെത്തുന്ന ഏറ്റവും ഉയർന്ന നേതാവാണു യോങ്.

ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. അവരോടൊപ്പം ഉത്തര കൊറിയൻ നേതാവും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴത്തെ സംഘർഷത്തിന് അയവുവരുത്തുമെന്നു കരുതുന്നു.

ഇരു കൊറിയകളുടെയും നേതൃത്വങ്ങൾ തമ്മിലും ഉത്തര കൊറിയ – യുഎസ് നേതാക്കൾ തമ്മിലും ചർച്ചയ്ക്കു വഴി തെളിയുമെന്നാണു പ്രതീക്ഷ. ദക്ഷിണ–ഉത്തര കൊറിയകൾ ഒരുമിച്ച് ഐക്യ കൊറിയ പതാകയ്ക്കു കീഴിൽ മാർച്ച് പാസ്റ്റിൽ പങ്കെടുക്കാൻ നേരത്തേ ധാരണയായിരുന്നു. വനിതകളുടെ ഐസ് ഹോക്കിയിൽ സംയുക്ത കൊറിയൻ ടീം പങ്കെടുക്കും.