Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നിന്റെ സഹോദരി എത്തി; ഇന്ന് മൂണുമായി കൂടിക്കാഴ്ച

Kim Yo Jong ഉത്തര കൊറിയ രാജ്യത്തലവൻ കിം യോങ് നാമും കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങും (കറുത്ത ഉടുപ്പിട്ട വനിത) ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിനും ഭാര്യ കിം ജുംങ് സൂക്കിനുമൊപ്പം ശീതകാല ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിൽ.

സോൾ∙ ശീതകാല ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് സോളിലെത്തി. കൊറിയൻ യുദ്ധത്തിനുശേഷം (1950–53) കിം കുടുംബത്തിൽനിന്ന് ദക്ഷിണ കൊറിയ സന്ദർശിക്കുന്ന ആദ്യ വ്യക്തിയാണ്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി സഹോദരന്റെ വെള്ള വിമാനത്തിലെത്തിയ ജോങ് ഇന്നു സോളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തും.

2007 നവംബറിലാണ് അവസാനമായി ഒരു ഉത്തര കൊറിയൻ നേതാവ് പ്രസിഡന്റിന്റെ വസതിയിൽ അതിഥിയായത്. ഉത്തര കൊറിയയുടെ രാജ്യത്തലവൻ എന്നു സ്ഥാനപ്പേരുള്ള കിം യോങ് നാം അടക്കം ഉന്നതതല സംഘവും ജോങ്ങിനെ അനുഗമിക്കുന്നുണ്ട്. അയൽരാജ്യവുമായി അർഥവത്തായ നയതന്ത്ര ചർച്ചകൾക്കു തുടക്കമിടാനാണു ശീതകാല ഒളിംപ്കിസിനെ മൂൺ ജെ ഇൻ വേദിയാക്കുന്നത്. എന്നാൽ, രാജ്യാന്തര ഉപരോധത്തിൽനിന്ന് ആശ്വാസം ലഭിക്കാനാണ് ഉത്തര കൊറിയ ഇപ്പോൾ ചർച്ചയ്ക്കു തയാറായതെന്നും ആണവപദ്ധതിയിൽ അവർ ഇളവു വരുത്തില്ലെന്നുമാണു വിലയിരുത്തൽ.

ഉത്തര കൊറിയൻ സൈന്യത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ചു പ്യോങ്യാങ്ങിൽ കിം ജോങ് ഉൻ വൻ സൈനിക പരേഡ് നടത്തിയതിന്റെ പിറ്റേന്നാണ് ഉത്തര കൊറിയൻ സംഘം സോളിൽ വിമാനമിറങ്ങിയത്. ദക്ഷിണ കൊറിയൻ പ്രസിഡന്റിനുള്ള കിം ജോങ് ഉന്നിന്റെ സന്ദേശവുമായാണു സഹോദരി എത്തിയതെന്നാണു കരുതുന്നത്. ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള ഉച്ചകോടിക്കുള്ള നിർദേശം അതിൽ ഉൾപ്പെടുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്.

ഒളിംപിക്സ് വിരുന്നിൽ പങ്കെടുക്കാതെ മൈക് പെൻസ്

സോൾ∙ ശീതകാല ഒളിംപിക്സിനു മുന്നോടിയായുള്ള വിരുന്നിൽ നിന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് വിട്ടുനിന്നു. വിരുന്നിനിടെ ഉത്തര കൊറിയയുടെ രാജ്യത്തലവൻ എന്ന സ്ഥാനപ്പേരുള്ള കിം യോങ് നാമുമായി ഹസ്തദാനം നടത്തേണ്ടിവരുമെന്നതിനാലാണു യുഎസ് വൈസ് പ്രസിഡന്റ് വിരുന്ന് ഒഴിവാക്കിയത്. വിരുന്നിൽ ഉത്തര കൊറിയൻ ഭരണനേതാവിന് എതിർവശത്തായിരുന്നു യുഎസ് വൈസ് പ്രസിഡന്റിന് ഇരിപ്പടം ഒരുക്കിയിരുന്നത്. താൻ യുഎസ് അത്‌ലിറ്റുകൾക്കൊപ്പം വിരുന്നിൽ പങ്കെടുക്കാൻ പോകുന്നുവെന്നാണു സോളിലെത്തിയ ഉടൻ പെൻസ് പറഞ്ഞത്. പെൻസ് ഉത്തര കൊറിയൻ നേതാവുമായി സംസാരിക്കുകയോ ഹസ്തദാനം നടത്തുകയോ ചെയ്തില്ല. എന്നാൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഹസ്തദാനം ചെയ്യുകയും സംസാരിക്കുകയും ചെയ്തു. പക്ഷേ, രാജ്യനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഇരുവരും നിന്നില്ല.