Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ പാക്കിസ്ഥാൻ വഴങ്ങി; ഭീകരർക്കു കടിഞ്ഞാണിടും

terrorist-watchingpolice-.jpg.image.784.410

ഇസ്‌ലാമാബാദ്∙ ഭീകരരെ തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽപെടുത്തിയേക്കുമെന്ന ആശങ്കയെ തുടർന്ന് ഭീകരസംഘടനകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പാക്കിസ്ഥാൻ തയാറാകുന്നു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ സംഘടനയായ ജമാഅത്തുദ്ദഅവ അടക്കമുള്ള സംഘടനകളെ നിരോധിക്കാനുള്ള ഓർഡിനൻസിൽ പാക്കിസ്ഥാൻ പ്രസിഡന്റ് മംമ്നൂൻ ഹുസൈൻ ഒപ്പുവച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള രാജ്യങ്ങളുടെ കൂട്ടായ്‌മയായ എഫ്‌എടിഎഫിന്റെ സമ്മേളനം പാരിസിൽ കൂടാനിരിക്കെയാണ് ഓർഡിനൻസുമായി പാക്കിസ്ഥാൻ രംഗത്തുവന്നത്. ഭീകരർക്കു സാമ്പത്തിക പിന്തുണ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുടെ കാര്യത്തിൽ പാക്കിസ്ഥാൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് എഫ്‌എടിഎഫ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് ചെയ്തത്.

യുഎൻ വിലക്കുള്ള സംഘടനകൾക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുത്തിട്ടില്ലെന്നു മാത്രമല്ല, അവയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. കോടതി വീട്ടുതടങ്കലിൽ നിന്നു മോചിപ്പിച്ച ഹാഫിസ് സയീദ് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുകയായിരുന്നു.

ഭീകരരെ സഹായിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 2015ൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തിയതുപോലെ ഇത്തവണയും ഉണ്ടാകുമോയെന്നാണു പാക്കിസ്ഥാന്റെ ആശങ്ക. 18നാണ് പാരിസിൽ എഫ്‌എടിഎഫ് പ്ളീനറി സമ്മേളനം നടക്കുന്നത്. യുഎൻ രക്ഷാസമിതി വിലക്കേർപ്പെടുത്തിയിട്ടുള്ള എല്ലാ സംഘടനകളെയും വ്യക്തികളെയും നിയന്ത്രിക്കാൻ ആവശ്യമായ നിയമഭേദഗതിയാണ് ഓർഡിനൻസ് മുഖേന കൊണ്ടുവരുന്നത്.

ജമാഅത്തുദ്ദവയ്ക്കും ഫലാഹി ഇൻസാനിയാത്ത് ഫൗണ്ടേഷനും ഇതോടെ നിരോധിക്കപ്പെടും. ഇവയടക്കമുള്ള സംഘടനകളുടെ ഓഫിസുകൾ പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഇനി നടപടിയുണ്ടാകും. ഈ സംഘടനകൾക്കു സംഭാവന നൽകുന്നതു കഴിഞ്ഞ മാസം സർക്കാർ വിലക്കിയിരുന്നു.