Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സയീദിന്റെ രണ്ടു സംഘടനകൾക്ക് പാക്കിസ്ഥാനിൽ നിരോധനം

Pakistan Militant Leader Hafiz Saeed ഹാഫീസ് സയീദ്

ഇസ്‌ലാമാബാദ് ∙ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഭീകരൻ ഹാഫീസ് സയീദിന്റെ രണ്ടു സംഘടനകൾക്കു പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തി. ഭീകരതയ്ക്കു സാമ്പത്തിക സഹായം നൽകുന്ന രാജ്യമെന്ന നിലയിൽ ആഗോള ഏജൻസിയായ ഫിനാൻഷ്യൽ ആക്​ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) പാക്കിസ്ഥാനെ കരിമ്പട്ടികയിൽപെടുത്തുന്നതു തടയാനാണു നടപടി.

ജമാ അത്തുദ്ദഅവ, എഫ്ഐഎഫ് എന്നീ സംഘടനകൾക്കാണു പാക്കിസ്ഥാനിൽ വിലക്കു വന്നത്. ഇവയുടെ ഓഫിസുകളുടെ പ്രവർത്തനം, ഫണ്ടുകളുടെ ഉപയോഗം എന്നിവയെല്ലാം തടസ്സപ്പെടും. 1987ൽ സയീദ് ആരംഭിച്ച ലഷ്കറെ തയിബയാണു മുംബൈ ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയും യുഎസും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പാക്ക് ഭരണകൂടം സയീദിനോട് മൃദുസമീപനമാണു പുലർത്തിവന്നത്.

എഫ്എടിഎഫ് കരിമ്പട്ടികയിൽ ഉൾപ്പെട്ടാൽ വിദേശ ബിസിനസുകാർക്ക് ആ രാജ്യത്തു വരാൻ പ്രയാസമാകും. അതു രാജ്യത്തിന്റെ സാമ്പത്തികനിലയെ തകരാറിലാക്കും. പാക്കിസ്ഥാനെതിരെ നീക്കത്തിനു സാധ്യതയുണ്ടായിരുന്നെന്നും സയീദിന്റെ സംഘടനകൾക്കു നിരോധനം ഏർപ്പെടുത്തിയതുമൂലം എഫ്എടിഎഫിലെ ഈ നീക്കം ഒഴിവാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും പാക്ക് ധനമന്ത്രി മിഫ്താഹ് ഇസ്മായിൽ പറഞ്ഞു.