Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയ്ക്ക് ഇനിയും അടിച്ചുപൊളിക്കാം; പ്രതിവാരച്ചെലവ് 16 ലക്ഷം രൂപ വരെയാകാമെന്ന് ലണ്ടൻ ഹൈക്കോടതി

Vijay Mallya

ലണ്ടൻ∙ കോടികൾ വായ്പയെടുത്ത് ഇന്ത്യയിൽനിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയ്ക്കു സുഖജീവിതം തുടരാൻ ലണ്ടൻ ഹൈക്കോടതിയുടെ ‘കാരുണ്യം.’ മല്യയുടെ പ്രതിവാര ജീവിതച്ചെലവിനുള്ള പരിധി 5000 പൗണ്ടിൽ (നാലരലക്ഷം രൂപ) നിന്നു 18,325 പൗണ്ട് (16 ലക്ഷം രൂപ) ആയി ഉയർത്തി. വിമാനങ്ങൾ വാടകയ്ക്കെടുത്ത വകയിൽ സിംഗപ്പൂരിലെ വിമാനക്കമ്പനിക്കു മല്യ 567 കോടി രൂപ നൽകണമെന്ന വിധിക്കു പിന്നാലെയാണു ജീവിതച്ചെലവു പരിധി ഉയർത്തി പുതിയ ഉത്തരവ്.

എന്നാൽ, മല്യയുടെ 150 കോടി ഡോളറിന്റെ ആഗോള ആസ്തികൾ മരവിപ്പിച്ച നടപടി റദ്ദാക്കിയിട്ടില്ല. ഇക്കാര്യത്തിലുള്ള മല്യയുടെ അപേക്ഷയിൽ ഏപ്രിൽ 16നു വാദം തുടങ്ങും. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ബ്രിട്ടിഷുകാർക്കു കിട്ടുന്ന ശരാശരി വാർഷിക ശമ്പളത്തിനു തുല്യമായ തുകയാണു മല്യ ഒരാഴ്ച ചെലവഴിക്കുക. ആഡംബര ജീവിതം ശീലിച്ച ഒരാൾ പെട്ടെന്നൊരു ദിവസം തുച്ഛമായ തുകയ്ക്കു ജീവിതച്ചെലവു കഴിക്കണമെന്നു കോടതിക്ക് ആവശ്യപ്പെടാനാകില്ലെന്നു ചൂണ്ടിക്കാട്ടി ലണ്ടനിലെ അറിയപ്പെടുന്ന ഇന്ത്യൻ അഭിഭാഷകൻ സരോഷ് സായ്‌വാല വിധിയെ ന്യായീകരിച്ചു.