Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലപാടു മാറ്റി; പാക്ക് സേന സൗദിയിലേക്ക്

Pakistan Army

ഇസ്‌ലാമാബാദ്∙ യെമനിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ പലവട്ടം ആവശ്യപ്പെട്ടിട്ടും സൈന്യത്തെ അയയ്ക്കാതിരുന്ന പാക്കിസ്ഥാൻ നിലപാടു മാറ്റുന്നു. പാക്ക് കരസേനാധിപൻ ജനറൽ ഖമർ ജാവേദ് ബജ്‌വയും പാക്കിസ്ഥാനിലെ സൗദി അംബാസഡർ നവഫ് സയീദ് അൽ മാലിക്കിയും തമ്മിൽ നടന്ന ചർച്ചയിൽ സൗദിയിലേക്കു സൈനികരെ അയയ്ക്കാ‍ൻ തീരുമാനമായി.

യെമനിൽ പ്രതിസന്ധി ഉടലെടുത്തപ്പോൾ തന്നെ ഇക്കാര്യത്തിൽ പാക്കിസ്ഥാൻ നിഷ്പക്ഷത പുലർത്തുമെന്നും ഒരു പ്രാദേശിക സംഘർഷത്തിലും തലയിടുകയില്ലെന്നും പാർലമെന്റ് തീരുമാനമെടുത്തിരുന്നതാണ്. അതിനാൽ നയംമാറ്റം രാജ്യത്തു രാഷ്ട്രീയ ചേരിതിരിവിന് ഇടയാക്കിയേക്കാം. മാത്രമല്ല, പാക്കിസ്ഥാന്റെ തീരുമാനത്തിൽ സൗദിയുടെ എതിരാളികളായ ഇറാനും ഖത്തറിനും അമർഷമുണ്ടായേക്കാം.

പരിശീലനവും മാർഗനിർദേശവും നൽകുന്ന ജോലി മാത്രമാണു ചെയ്യുകയെന്നു പാക്ക് സേന വിശദീകരിച്ചു. സൈനികരെ സൗദിക്കു പുറത്തേക്കു നിയോഗിക്കില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. എത്ര സൈനികരെയാണ് അയയ്ക്കുകയെന്നു മാത്രം വ്യക്തമാക്കിയിട്ടില്ല.