Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക് സെനറ്റിൽ ‘ചൈനീസ് പ്രമേയം’

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ ചൈനീസ് ഔദ്യോഗിക ഭാഷയാക്കിയെന്നു വാർത്ത; വ്യാജവാർത്തയെന്നു പിന്നാലെ വാർത്ത. പാക്ക് സെനറ്റിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ ഖാലിദ പർവീൺ കൊണ്ടുവന്ന പ്രമേയത്തിലെ പരാമർശമാണു തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മണിക്കൂറുകളോളം വൻ വാർത്തയായത്.

ചൈന–പാക്ക് സാമ്പത്തിക ഇടനാഴിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെട്ടതുകൊണ്ട് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ ഔദ്യോഗിക ചൈനീസ് ഭാഷ പഠിപ്പിക്കാൻ നടപടി വേണം എന്നു മാത്രമേ പർവീണിന്റെ പ്രമേയത്തിൽ പറഞ്ഞുള്ളൂ.

ഔദ്യോഗികമെന്നും ചൈനീസ് ഭാഷയെന്നും കേട്ട പാടെ, പാക്കിസ്ഥാനിൽ ചൈനീസ് ഔദ്യോഗിക ഭാഷയാക്കാൻ നീക്കമെന്നു പാക്കിസ്ഥാനിലെ അബ് തക് ന്യൂസ് വാർത്ത പുറത്തുവിട്ടു. പഞ്ചാബി ഉൾപ്പെടെ ഒട്ടേറെപ്പേർ ഉപയോഗിക്കുന്ന തദ്ദേശഭാഷകളെ അവഗണിച്ചെന്ന മുറവിളിയും ഉയർന്നു. പാക്ക്–ചൈന ബന്ധം ശക്തമാകുന്നതിന്റെ രാഷ്ട്രീയധ്വനികളുമായി ഇന്ത്യൻ മാധ്യമങ്ങളും ആഘോഷിച്ചു.

നിലവില്‍ ഇംഗ്ലിഷ്, ഉറുദു, അറബിക് എന്നിവയാണു പാക്കിസ്ഥാനിലെ ഔദ്യോഗിക ഭാഷകള്‍. മാന്‍ഡരിൻ (ചൈനീസ്) ചൈനയുടെ ദേശീയ ഭാഷയും ഔദ്യോഗിക ഭാഷയും. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ ഉപയോഗിക്കുന്ന ഭാഷ. ചൈനയിലെ 70 ശതമാനം ജനങ്ങളും സംസാരിക്കുന്നത് ഈ ഭാഷയാണ്.

തയ്‍വാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലും മാൻഡരിന് ഔദ്യോഗിക ഭാഷാ പദവിയുണ്ട്. 100 കോടിയോളം ആളുകൾ സംസാരിക്കുന്ന മാന്‍ഡരിൻ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം സ്പാനിഷ് ഭാഷ (40 കോടി)യ്ക്കാണ്. മൂന്നും നാലും സ്ഥാനങ്ങൾ ഇംഗ്ലിഷ് (36 കോടി), ഹിന്ദി (30 കോടി). മലയാളത്തിന് 34–ാം സ്ഥാനം.