Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദക്ഷിണ കൊറിയ സംഘം കിം ജോങ് ഉന്നിനെ സന്ദർശിക്കാനെത്തി

south-north-korea

സോൾ∙ ഉത്തര കൊറിയയുടെ ഏകാധിപതിയായ നേതാവ് കിം ജോങ് ഉന്നിനെ സന്ദർശിക്കാൻ ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘം എത്തി. ദക്ഷിണ കൊറിയയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്. ഇവർ കിം ജോങ് ഉന്നിനോടൊത്തു യോഗത്തിലും അത്താഴവിരുന്നിലും പങ്കെടുക്കുമെന്നു ദക്ഷിണ കൊറിയ വക്താവ് അറിയിച്ചു.

കഴിഞ്ഞമാസം ദക്ഷിണ കൊറിയയിൽ നടന്ന ശീതകാല ഒളിംപിക്സിൽ ഉത്തര കൊറിയയിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുക്കുകയും ഉൻ തന്റെ സഹോദരിയെ ഉത്തര കൊറിയയുടെ പ്രതിനിധിയായി അയയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് ഇരു കൊറിയകൾക്കും ഇടയിൽ നിലനിന്ന ശീതസമരത്തിന് അയവു വന്നത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ദക്ഷിണ കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘം കിം ജോങ് ഉന്നിനെ കാണുന്നത്.

അണ്വായുധം കയ്യിലുള്ള ഉത്തര കൊറിയയും അതിനെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള യുഎസും തമ്മിൽ ചർച്ചയ്ക്കു തുടക്കംകുറിക്കാൻ കിം ജോങ് ഉന്നിനെ പ്രേരിപ്പിക്കാൻ ദക്ഷിണ കൊറിയൻ സംഘം ശ്രമിച്ചേക്കും. പത്തംഗ സംഘം സന്ദർശനം പൂർത്തിയാക്കി ഇന്നു സോളിലേക്കു മടങ്ങും.