Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്രമിക്കില്ലെന്ന് ഉറപ്പുതന്നാൽ ആണവായുധം ഉപേക്ഷിക്കാം: ഉത്തരകൊറിയ

Kim Jong-Un and Chung Eui-yong പുതിയ ചിരി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ദക്ഷിണകൊറിയൻ പ്രതിനിധി ചുങ് യി യോങ്ങിനെ അഭിവാദ്യം ചെയ്യുന്നു. ചിത്രം: എഎഫ്പി

സോൾ∙ ഉത്തരകൊറിയയെ ആക്രമിക്കില്ലെന്ന് ഉറപ്പു കിട്ടിയാൽ ആണവായുധം ഉപേക്ഷിക്കാമെന്നും സമാധാന ചർച്ച നടത്താമെന്നും കിം ജോങ് ഉൻ. ഉത്തരകൊറിയൻ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജേ ഇന്നിന്റെ ദേശീയ സുരക്ഷാ ഉപദേശകൻ ചുങ് യി യോങ്ങാണ് ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവിനെക്കുറിച്ചു വെളിപ്പെടുത്തിയത്.

ഇരു കൊറിയകളുടെയും അതിർത്തിഗ്രാമമായ പാൻമുൻജങ്ങിൽ ഏപ്രിൽ അവസാനം കിമ്മും മൂണും ചർച്ചയ്ക്കിരിക്കുന്നതോടെ കൊറിയയിൽ സമാധാനം പുനഃസ്ഥാപിക്കാമെന്നാണു പ്രതീക്ഷ. ആണവായുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് യുഎസുമായി ചർച്ചയ്ക്കു തയാറാണെന്നു കിം അറിയിച്ചതായി ചുങ് പറഞ്ഞു.

ആണവായുധം ഉപേക്ഷിക്കുന്ന പ്രശ്നമുദിക്കുന്നില്ലെന്നാവർത്തിച്ച്, ചർച്ചാ സാധ്യതകളെല്ലാം തള്ളിക്കളഞ്ഞിരുന്ന കിമ്മിനാണു മനംമാറ്റം. ഉത്തര കൊറിയയിക്കെതിരെ സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കിൽ ആണവായുധം കൈയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നാണു പുതിയ നിലപാട്.

ദക്ഷിണ കൊറിയയിലെ പോങ്യാങ്ങിൽ നടന്ന ശീതകാല ഒളിംപിക്സിലേക്കുള്ള ഉത്തര കൊറിയൻ സംഘത്തെ നയിച്ച് കിമ്മിന്റെ സഹോദരി എത്തിയതു മുതലാണ് മഞ്ഞുരുകി തുടങ്ങിയത്. ഉച്ചകോടിക്കുള്ള ക്ഷണം അറിയിച്ചാണ് കിമ്മിന്റെ സഹോദരി മടങ്ങിയത്. തുടർന്നാണ്, ദക്ഷിണകൊറിയ ദേശീയ സുരക്ഷാ ഉപദേശകന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഉത്തര കൊറിയയിലെത്തി കിമ്മിനെ സന്ദർശിച്ചതും ഏപ്രിലിൽ ഉച്ചകോടിക്കു ധാരണയായതും.

panmunjom-korea

പാൻമുൻജങ്: കൊറിയകൾക്കിടയിലെ സമാധാനഗ്രാമം

ഉത്തര, ദക്ഷിണ കൊറിയകളുടെ രാജ്യാന്തര അതിർത്തിക്കു വടക്കുള്ള ഗ്രാമം. 1953 ജൂലൈ 27ന്, കൊറിയൻ യുദ്ധത്തിനു താൽക്കാലിക വിരാമുണ്ടാക്കിയ കരാർ ഒപ്പുവച്ചത് ഇവിടെവച്ച്. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ നിന്ന് 50 കിലോമീറ്റർ വടക്കായും ഉത്തരകൊറിയയിലെ ഗസോങ് സിറ്റിക്ക് പത്തു കിലോമീറ്റർ കിഴക്കായുമാണ് പാൻമുൻജങിന്റെ സ്ഥാനം. ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തിലുള്ള ഇവിടെ സൈനികരില്ല. വിനോദസഞ്ചാരകേന്ദ്രമാണ്.