Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്റലിജൻ‌സ് ഏജൻസിയിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്ന് ദക്ഷിണ കൊറിയ മുൻ പ്രസിഡന്റ്

Lee Myung-bak ലീ മ്യൂങ് ബക്ക്

സോൾ∙ കോടികളുടെ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് ലീ മ്യൂങ് ബക്കിനെ പ്രോസിക്യൂഷൻ 21 മണിക്കൂർ ചോദ്യം ചെയ്തു. ആരോപണങ്ങളിലേറെയും നിഷേധിച്ച ലീ, രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസി നാഷനൽ ഇന്റലിജൻസ് സർവീസിൽ (എൻഐഎസ്) നിന്ന് ഒരു ലക്ഷം ഡോളർ (106 കോടി വോൺ) അനധികൃതമായി കൈപ്പറ്റിയതായി സമ്മതിച്ചു.

2008–13 വരെ ഭരണത്തിലിരുന്ന ലീ മ്യൂങ് ബക്കിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങളുണ്ട്. നികുതി കേസിൽ സാംസങ് ഗ്രൂപ്പ് തലവനെ സഹായിക്കുന്നതിനായി കോടികൾ കൈപ്പറ്റിയതും പ്രമുഖ ബാങ്കിന്റെ സിഇഒ പദവിക്കായി 220 കോടി വോൺ കൈക്കൂലി വാങ്ങിയതും ഇതിൽപെടുന്നു. ബെനാമി പേരിൽ സ്ഥാപനങ്ങൾ നടത്തിയതായും ആരോപണമുണ്ട്. ഇവയെല്ലാം രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണെന്നാണ് ലീയുടെ വാദം.

എൻഐഎസിൽ നിന്നു ലഭിച്ച പണം 2011ൽ യുഎസ് സന്ദർശനവേളയിൽ ലീ മ്യൂങ് ബക്കിന്റെ ഭാര്യയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ സഹായി തന്നെ വെളിപ്പെടുത്തിയിരുന്നു.

മുൻ പ്രസിഡന്റുമാരെല്ലാം ക്രിമിനൽ കേസ് പ്രതികൾ

കൈക്കൂലി, അഴിമതി ആരോപണങ്ങളുടെ പേരിൽ മുൻ പ്രസിഡന്റുമാർ ക്രിമിനൽ കേസുകളിൽ നടപടി നേരിടുന്നതാണു ദക്ഷിണ കൊറിയയിലെ സമീപകാല രാഷ്ട്രീയ സ്ഥിതി. മുൻ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയ്ക്കു പിന്നാലെ ലീ മ്യൂങ് ബക് കൂടി ഈ നിരയിൽ വന്നതോടെ ജീവിച്ചിരിക്കുന്ന നാല് മുൻ പ്രസിഡന്റുമാരും ക്രിമിനൽ കേസ് പ്രതികളായി. മുൻ പ്രസിഡന്റ് റോ മൂ ഹ്യൂൺ അഴിമതിക്കേസിനെത്തുടർന്നു 2009ൽ ജീവനൊടുക്കിയിരുന്നു.

related stories