Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരമിക്കുന്നതിന് 24 മണിക്കൂർ മുൻപ് എഫ്‌ബിഐ ഉപമേധാവി പുറത്ത്

Andrew McCabe ആൻഡ്രൂ മക്കെയ്‌ബ്

വാഷിങ്ടൻ∙ മാധ്യമങ്ങൾക്കു വിവരം ചോർത്തി നൽകിയെന്നാരോപിച്ച് യുഎസ് കുറ്റന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലെ (എഫ്‌ബിഐ) രണ്ടാമനെ ട്രംപ് ഭരണകൂടം പുറത്താക്കി. വിരമിക്കാൻ 24 മണിക്കൂർ മാത്രമുള്ളപ്പോഴാണ് എഫ്‌ബിഐ ഡപ്യൂട്ടി ഡയറക്ടർ ആൻഡ്രൂ മക്കെയ്‌ബിനെ പുറത്താക്കിയത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കിയതിനു പിന്നാലെയാണിത്. തിരഞ്ഞെടുപ്പുകാലത്തു ട്രംപിനും കൂട്ടാളികൾക്കും റഷ്യയുമായുണ്ടായിരുന്ന ബന്ധം സംബന്ധിച്ചു റോബർട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആദ്യം തെളിവെടുത്തതു മക്കെയ്‌ബിൽ നിന്നാണ്. ആദ്യത്തെ എഫ്‌ബിഐ അന്വേഷണത്തെ ട്രംപ് തടസ്സപ്പെടുത്തിയെന്ന ആരോപണത്തിലെ നിർണായക സാക്ഷികളിലൊരാളും മക്കെയ്‌ബാണ്. ഇക്കാരണത്താൽ റിപ്പബ്ലിക്കൻ പാർട്ടിയുടെയും ട്രംപിന്റെയും നോട്ടപ്പുള്ളിയായിരുന്ന മക്കെയ്‌ബ് ജനുവരി മുതൽ അവധിയിലായിരുന്നു.

മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റന്റെ ഇ–മെയിൽ കേസ് അന്വേഷിച്ച സംഘത്തിന്റെയും ട്രംപിന്റെ റഷ്യാബന്ധം അന്വേഷിച്ച എഫ്ബിഐ സംഘത്തിന്റെയും ഭാഗമായിരുന്നു. പ്രതികാരനടപടിയാണു പിരിച്ചുവിടലെന്നും തന്റെ പെൻഷൻ തടയാൻ ട്രംപ് ശ്രമിച്ചെന്നും മക്കെയ്ബ് ആരോപിച്ചു.